ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍ രംഗത്ത്.
കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയതു സുരക്ഷാ കാരണങ്ങളാലാണ്. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നുവെന്നും പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരുപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അമ്മ അവന്തിയും ഭാര്യ ചേതനയും കണ്ടത്.
തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇരുവരെയും അപമാനിച്ചെന്ന ആരോപണവുമായി ഇന്ത്യ രംഗത്ത് വന്നിരുന്നു, കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചു, സുരക്ഷയുടെ പേരു പറഞ്ഞ് കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല. കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാകിസ്താന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.