കേന്ദ്രമന്ത്രിസഭയില്‍ തഴഞ്ഞു; ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ബീഹാര്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ജെ.ഡി(യു)വിനെ തഴഞ്ഞ് കേന്ദ്ര മന്ത്രിസഭ രൂപീകരിച്ച ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ജെ.ഡി(യു) നേതാവ് നിതീഷ് കുമാര്‍. കേന്ദ്രമന്ത്രിസഭയില്‍ തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബീഹാര്‍ മന്ത്രിസഭാ വികസനത്തില്‍ ബി.ജെ.പിക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണ് നിതീഷ് കുമാര്‍ നല്‍കിയത്.

ജെ.ഡി(യു)നല്‍കിയ മന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി ആളെ കണ്ടെത്തിയിട്ടുമില്ല. ഒഴിവുള്ള സീറ്റിലേക്ക് ആളെ നിയമിക്കാന്‍ മുഖ്യമന്ത്രി ബി.ജെ.പിക്ക് നിര്‍ദ്ദേശം നല്‍കിയതായും എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അവരുടെ നിലപാടെന്നും ഉപമുഖ്യമന്ത്രി സുശീല്‍ മോദി വ്യക്തമാക്കി.

അതേസമയം, കേന്ദ്രമന്ത്രിസഭാ രൂപീകരണത്തില്‍ ജെ.ഡി(യു) അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ ബി.ജെ.പിക്കുള്ള സന്ദേശമെന്ന നിലയിലാണ് നിതീഷ് കുമാറിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുന്നണിയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇപ്പോഴത്തെ മന്ത്രിസഭാ വികസനം നേരത്തെയുള്ള ധാരണയുടെ പേരിലാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശദീകരിക്കുന്നു. ജെ.ഡി(യു)വിന്റെ മന്ത്രിസഭയിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേന്ദ്രമന്ത്രിസഭയില്‍ തന്റെ പാര്‍ട്ടിയിലെ ഒരാളെ മാത്രം ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിതീഷ് കുമാറിന് അമര്‍ഷമുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

Top