ന്യൂഡല്‍ഹി: എ.എന്‍.ഐ എഡിറ്റര്‍ സ്മിത പ്രകാശിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റിപബ്ലിക്ക് ടിവിയിലെ ചര്‍ച്ചയ്ക്കിടെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിച്ച നടപടിയെയാണ് ഭൂഷണ്‍ വിമര്‍ശിച്ചത്. ഖലിസ്ഥാനി അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ലോഹ്രി ഉത്സവത്തെ നശിപ്പിച്ചെന്നും നിയമം കീറിയെറിയുന്ന ഭീകരമായ കാഴ്ചയാണ് കാണാന്‍ സാധിച്ചതെന്നുമായിരുന്നു സ്മിത പറഞ്ഞത്. കര്‍ഷക പ്രതിഷേധം ഖലിസ്ഥാനി പ്രസ്ഥാനമാണെന്നും ഇവര്‍ പറയുന്നു.
എ.എന്‍.എയില്‍ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് താങ്കളുടെ പാര്‍ട്ടിയിലെ കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിച്ച അതേ മാധ്യമപ്രവര്‍ത്തകയാണ് ഇപ്പോള്‍ കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്നുവിളിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് ഓര്‍മ്മപ്പെടുത്തി.
അതേസമയം, കര്‍ഷകസമരം 50 ദിവസം പിന്നിടുകയാണ്. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച പാനലില്‍ നിന്ന് മുന്‍ എം.പി ഭൂപീന്ദര്‍ സിംഗ് മന്‍ വ്യാഴാഴ്ച രാജിവെച്ചിരുന്നു. കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭൂപീന്ദറിന്റെ രാജി.