തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം.എല്‍.എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി എ.സി.മൊയ്തീന്‍. യാതൊരു തെളിവുമില്ലാതെയാണ് അനില്‍ അക്കര ആക്ഷേപം ഉന്നയിക്കുന്നത്. 2 കോടി താന്‍ കൈപ്പറ്റിയെന്നാണ് അക്കരയുടെ ആരോപണം. ഇതിനെന്തിലും തെളിവ് ഹാജരാക്കാനുണ്ടോയെന്നും ആരോപണങ്ങളില്‍ സ്വന്തം സഹപ്രവര്‍ത്തകരില്‍ നിന്നും പോലും എംഎല്‍എയ്ക്ക് പിന്തുണയില്ലെന്നും മന്ത്രി പറഞ്ഞു.
നിയമസഭ ചേര്‍ന്നപ്പോള്‍ യുഡിഎഫിലെ ആരും ഈ ആക്ഷേപം ഉന്നയിച്ചില്ല. അടിസ്ഥാന രഹിതമാണ് ആരോപണമെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ല. ആക്ഷേപം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരേ നുണ വീണ്ടും വീണ്ടും ഒരു ഉളുപ്പുമില്ലാതെ എം.എല്‍.എ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്വന്തം കഴിവുകേട് മറച്ചു വെക്കാനാണ് എംഎല്‍എ ആരോപണം ഉന്നയിക്കുന്നത് ഫ്‌ലാറ്റിനായി സ്ഥലം വാങ്ങിച്ചത് സി.എന്‍.ബാലകൃഷ്ണന്‍ മന്ത്രിയായിരുന്ന സമയത്താണ്.
റെഡ് ക്രസന്റ് ഏല്‍പ്പിച്ച കരാറുകാര്‍ ആരാണെന്ന് എനിക്കറിയില്ല. റെഡ് ക്രസന്റ് ഏല്‍പ്പിച്ച യൂണിടെക്ക് എന്ന കരാറുകാരനേയും തനിക്കറിയില്ല. ഓരോ ദിവസവും വാര്‍ത്തയ്ക്ക് വേണ്ടി ഓരോ വാര്‍ത്താ സമ്മേളനം നടത്തുകയാണ് എംഎല്‍എ. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്ത് അന്വേഷണവും നടക്കട്ടെ. ഫ്‌ളാറ്റ് നിര്‍മാണം തകര്‍ക്കാനാണ് എം.എല്‍.എയുടെ ശ്രമം.
കലത്തില്‍ തൊട്ട് നോക്കുന്നത് പേലെയാണ് ഫ്‌ളാറ്റില്‍ തൊട്ട് എംഎല്‍എ ഗുണനിലവാരം പരിശോധിക്കുന്നത്? എംഎല്‍എയ്ക്ക് ഒരു നിലവാരം വേണം. അനില്‍ അക്കരയെ സാത്താന്റെ സന്തതി എന്ന് സിപിഎം നേതാവ് ബേബി ജോണ്‍ വിളിച്ചത് തെറ്റില്ല. സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം മാത്രമാണതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.