താന്‍ ആഡംബര ജീവിതമല്ല നയിക്കുന്നതെന്ന് അനില്‍ അംബാനി

ലണ്ടന്‍: കടത്തില്‍ മുങ്ങിയിട്ടും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ പരാമര്‍ശം നിഷേധിച്ച് അനില്‍ അംബാനി. തന്റെ ജീവിതം വളരെ അച്ചടക്കം നിറഞ്ഞതാണ്. മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഇല്ലാത്ത മാരത്തണ്‍ ഓട്ടക്കാരന്റേത് പോലെയാണ് തന്റെ ജീവിതമെന്നും ജഡ്ജിയുടെ പരാമര്‍ശം തെറ്റാണെന്നും അനില്‍ അംബാനി കോടതിയില്‍ പറഞ്ഞു.

തന്റെ ആവശ്യങ്ങള്‍ വിശാലമല്ല. ജീവിത ശൈലി അച്ചടക്കം നിറഞ്ഞതാണെന്നും സസ്യാഹാരിയാണെന്നും അംബാനി പറഞ്ഞു. മുംബൈയില്‍ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് അംബാനി കോടതി നടപടികളില്‍ പങ്കെടുത്തത്. തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി നേരത്തെ പറഞ്ഞിരുന്നു. 2012ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന് വേണ്ടിയാണ് പേഴ്സണല്‍ ഗ്യാരന്റിയില്‍ ചൈനീസ് ബാങ്കുകള്‍ അനില്‍ അംബാനിക്ക് വായ്പ നല്‍കിയത്.

കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില്‍ അംബാനി പറഞ്ഞിരുന്നു. 2020 ജനുവരി ജൂണ്‍ മാസങ്ങളില്‍ താന്‍ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റെന്നും ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ തുകയല്ല. ഇത് നിയമ നടപടികള്‍ക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചതാണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു.

എനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വന്തമായി റോള്‍സ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആകെ ഒരു കാര്‍ മാത്രമാണ് സ്വന്തമായി ഉള്ളത് അനില്‍ അംബാനി പറയുന്നു. ഇന്‍ട്രസ്ട്രീയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്മെന്റ് ബാങ്ക്, ഇക്സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.

Top