ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷനല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനില്‍ അംബാനി നല്‍കിയ മാനനഷ്ട കേസുകള്‍ പിന്‍വലിക്കുന്നു.
കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ്‌സിങ് സുര്‍ജേവാല, സുനില്‍ ജാഖര്‍, അശോക് ചവാന്‍, അഭിഷേക് മനു സിങ്വി, സഞ്ജയ് നിരുപം, ശക്തിസിങ് ഗോഹില്‍ തുടങ്ങിയവര്‍ക്കെതിരേയും ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുമായിരുന്നു മാനനഷ്ട നല്‍കിയത്. അനില്‍ അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയറോസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കേസ് ഫയല്‍ ചെയ്തിരുന്നത്.
കേസുകള്‍ പിന്‍വലിക്കാന്‍ പോവുകയാണെന്ന കാര്യം പ്രതിഭാഗത്തെ അറിയിച്ചതായി പരാതിക്കാരുടെ അഭിഭാഷകന്‍ രസേഷ് പരീഖ് പറഞ്ഞുവെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഹെറാള്‍ഡിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും അഭിഭാഷകനായ പി.എസ്.ചമ്പനേരി കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായി സ്ഥിരീകരിച്ചു. വേനലവധി കഴിഞ്ഞശേഷം കോടതി ചേരുമ്പോള്‍ കേസ് പിന്‍വലിക്കാനാണു നീക്കം.
പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ ഇടപാട് പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുന്‍പാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് ആരംഭിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്ന ലേഖനമായിരുന്നു വിവാദത്തിനിടയാക്കിയത്. ലേഖനം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസ്.