ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ചില സ്വത്തുക്കള്‍ ഇനി മുകേഷ് അംബാനിക്ക് സ്വന്തം.
റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സ്‌പെക്ട്രം, ടവറുകള്‍, ഫൈബര്‍, വയര്‍ലെസ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ വാങ്ങുന്നതിന് ജിയോ തീരുമാനിച്ചു. എന്നാല്‍ എത്ര തുകക്കാണ് പുതിയ ഇടപാട് നടത്തിയതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ഏറ്റെടുക്കലിന് സര്‍ക്കാര്‍ അധികൃതരുടേതടക്കം അനുമതികള്‍ ലഭിക്കാനുണ്ട്.
40,000 കോടിയിലധികം രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്. ഇതേ തുടര്‍ന്ന് കമ്പനിയുടെ ഡിടിഎച്ച്, വയര്‍ലെസ് ടെലികോം വ്യവസായങ്ങള്‍ അവസാനിപ്പിച്ചിരുന്നു. കടബാധ്യത തീര്‍ക്കാന്‍ എയര്‍സെല്ലുമായി ചേരാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതേ തുടര്‍ന്നാണ് പ്രധാന വ്യവസായങ്ങള്‍ അവസാനിപ്പിച്ചതും അതുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ വില്‍പ്പനയ്ക്ക് വെച്ചതും.
2006ലാണ് ഇരുവരും ചേര്‍ന്ന് റിലയന്‍സിനെ വിഭജിച്ച് രണ്ട് സ്വതന്ത്ര കമ്ബനികള്‍ രൂപീകരിച്ചത്. അന്ന് മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്തിരുന്നത് അനില്‍ അംബാനിയായിരുന്നു. പിന്നീട് ജിയോയിലുടെ മൊബൈല്‍ രംഗത്തേക്ക് മുകേഷ് ചുവടുവെക്കുകയായിരുന്നു. റിലയന്‍സ് ജിയോയുടെ വരവ് തന്നെയാണ് മറ്റ് കമ്പനികളെ പോലെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും തിരിച്ചടിയായത്.