മുംബൈ: കടബാധ്യത മൂലം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 2ജി, ഡയറക്ട് ടു ഹോം (ഡി.ടി.എച്ച്.) സേവനങ്ങള്‍ നിര്‍ത്തുന്നു.
കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ബിസിനസ് നിര്‍ത്താന്‍ ഒരുങ്ങുന്നത്.
2ജി സേവനം ഒരു മാസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
പകരം 3ജി, 4ജി സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിലുള്ള 2ജി വരിക്കാര്‍ക്ക് 3ജിയിലേക്കോ 4ജിയിലേക്കോ മാറാന്‍ അവസരം നല്‍കും.
അല്ലെങ്കില്‍ മറ്റു ടെലികോം സേവനദാതാക്കളിലേക്ക് മാറാവുന്നതാണ്.
റിലയന്‍സിന്റെ ഡി.ടി.എച്ച്. ബിസിനസായ ബിഗ് ടി.വി.യുടെ ലൈസന്‍സ് നവംബര്‍ 18നാണ് തീരുന്നത്.
ലൈസന്‍സ് പുതുക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം.
നിലവിലെ വരിക്കാരെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രമുഖ ഡി.ടി.എച്ച്. സേവനദാതാക്കളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
വരിക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കാതെ, തടസം കൂടാതെ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഇതിന്റെ വിശദാംശങ്ങള്‍ വരിക്കാരെ വൈകാതെ തന്നെ അറിയിക്കും.
ബിഗ് ടി.വി. എന്ന പേരില്‍ 2008 ഓഗസ്റ്റിലാണ് റിലയന്‍സ് ഡി.ടി.എച്ച്. സേവനം ആരംഭിച്ചത്.
പിന്നീട് അതിന്റെ പേര് റിലയന്‍സ് ഡിജിറ്റല്‍ എന്നു മാറ്റി. ഇപ്പോള്‍ 50 ലക്ഷത്തോളം വരിക്കാരാണ് റിലയന്‍സ് ഡിജിറ്റലിനുള്ളത്.
നിലവില്‍ 45,000 കോടി രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുള്ളത്.
കടബാധ്യത കുറച്ച് വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനായാണ് ചില സ്ഥാപനങ്ങള്‍ പൂട്ടുന്നത്.
ഡി.ടി.എച്ച്. സേവനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഈ രംഗത്തെ പ്രമുഖരുമായി റിലയന്‍സ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇടപാട് യാഥാര്‍ഥ്യമായില്ല.