ദില്ലി: ശശി തരൂരിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് അനില്‍ ആന്റണി. തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അനില്‍ ആന്റണി സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇന്നലെയാണ് പലസ്തീന്‍ വിഷയത്തിലെ പരാമര്‍ശത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയത്.
തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അത്തരക്കാരയേ സി പി എമ്മും, കോണ്‍ഗ്രസും, ലീഗും സ്വാഗതം ചെയ്യൂ. കെട്ടകാലമാണ് കേരളത്തിലെന്നും അനില്‍ ആന്റണി പറഞ്ഞു. ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീന്‍ ഐക്യ ദാര്‍ഢ്യ പരിപാടിയില്‍നിന്ന് ശശി തരൂര്‍ എം.പിയെ ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്നാണ് മാറ്റിയത്. പരിപാടിയില്‍ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂര്‍ എം.പിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്. എന്നാല്‍, കോഴിക്കോട്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂര്‍ പ്രസംഗത്തില്‍ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമര്‍ശിച്ചിരുന്നു.
പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയ ശശി തരൂരിനെതിരെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രസ്താവന വിവാദമായതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എം.പി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്നും ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മഹല്ലുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മഹല്ല് എംപവര്‍മെന്റ് മിഷന്‍. പുതിയ സാഹചര്യത്തില്‍ തരൂരിനെ ഒഴിവാക്കാന്‍ മഹല്ല് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.