കൊച്ചി : പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് എകെ ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണി. പുതുപ്പള്ളി ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം കോർകമ്മിറ്റിക്ക് ശേഷം ഉണ്ടാകുമെന്നും ബിജെപിക്ക് വേണ്ടി പ്രചരണത്തിന് താനും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനിൽ ആന്റണി പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുമെന്ന രീതിയിൽ വലിയ രീതിയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു അനിലിന്റെ പ്രതികരണം. ആര് സ്ഥാനാർത്ഥിയാകണമെന്നതടക്കം എല്ലാം പാർട്ടി തീരുമാനിക്കുമെന്നും അനിൽ വ്യക്തമാക്കി.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും മുൻപ് മുതിർന്ന കോൺഗ്രസ് നേതാവ് ആന്റണിയെ കാണാൻ ചാണ്ടി ഉമ്മൻ തിരുവനന്തപുരത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും ഏറെ അടുപ്പമുള്ള ഉമ്മൻ ചാണ്ടിയുടെ മകനെ തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് ആന്റണി വിജയാശംസ നേർന്നത്. സോളാർ കാലത്ത് ദുരാരോപണം കൊണ്ട് ഉമ്മൻചാണ്ടിയെ വ്യക്തിഹത്യ നടത്തിയവർക്ക് പുതുപ്പള്ളി മറുപടി നൽകുമെന്ന് ആന്റണി പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനാണ് സിപിഎം തീരുമാനം. ജില്ലാസെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ഉമ്മൻചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ് തന്നെ വേണമെന്നായിരുന്നു പാർട്ടി തീരുമാനം.