ന്യൂഡല്‍ഹി: കേരള മൃഗ-പക്ഷി ബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. മൃഗങ്ങളെ കൊല്ലുന്നതിന് വിലക്കില്ലാത്തിടത്ത് ആരാധനാലയങ്ങളില്‍ മൃഗബലിക്ക് വിലക്കേര്‍പ്പെടുത്തുന്ന നിയമത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണഅ ഹര്‍ജി പരിഗണിച്ചത്.
കേരളത്തില്‍ മൃഗങ്ങളെ കൊല്ലുന്നതിന് നിരോധനം ഇല്ല. ആരാധനാലയങ്ങളില്‍ പോലും സ്വന്തം ആവശ്യത്തിന് മൃഗങ്ങളേയും പക്ഷികളേയും കൊല്ലാം. എന്നാല്‍ മൃഗങ്ങളെ ബലി നല്‍കുന്നതാണ് നിയമത്തില്‍ വിലക്കിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25, 26 അനുച്ഛേദം ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കി.