കാശ് വാങ്ങിയെങ്കില്‍ മോന്‍സന്‍ തെളിയിക്കട്ടെ, ഈ വക വണ്ടിയൊന്നും എന്റെയടുത്ത് ഓടില്ലെന്ന് അനിത

കൊച്ചി: സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി നല്‍കിയെന്ന മോന്‍സന്‍ മാവുങ്കലിന്റെ അവകാശ വാദങ്ങളെ വെല്ലുവിളിച്ച് പ്രവാസി മലയാളി അനിത പുല്ലയില്‍. ഓഡിയോയിലെ ആരോപണങ്ങള്‍ തനിക്കുള്ള കുരുക്കല്ല, ഈ വാദങ്ങള്‍ ഉന്നയിച്ച മോന്‍സനുള്ള കുരുക്കാണെന്നും ഇതെല്ലാം തെളിയിക്കേണ്ടത് മോന്‍സന്റെ ഉത്തരവാദിത്തമാണെന്നുമാണ് അനിതയുടെ മറുപടി.

‘മോന്‍സന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം എനിക്കു മൂന്നു മാസം മുന്‍പുതന്നെ ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞാണ് അയാള്‍ എന്നെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തിയിരുന്നത്. ഇപ്പോള്‍ ഇത് ക്രൈംബ്രാഞ്ചിനും കൊടുത്തിട്ടുണ്ട്. നൂറിലേറെ പെണ്‍കുട്ടികളുടെ വിവാഹം മോന്‍സന്‍ നടത്തിക്കൊടുത്തു എന്നു പറയുമ്പോള്‍ ഏതു പെണ്‍കുട്ടികളുടെ കല്യാണമാണ് നടത്തിക്കൊടുത്തത് എന്നു പറയേണ്ടേ. എന്റെ സഹോദരിയുടെ വിവാഹത്തിന് ഇത്രയും സ്വര്‍ണം വാങ്ങി നല്‍കി എന്നു പറയുമ്പോള്‍ ഏതു കടയില്‍ നിന്നാണ് വാങ്ങിയത് എന്നെങ്കിലും പറയണം.

പണം നല്‍കിയത് നോട്ടായാണോ ബാങ്ക് വഴിയാണോ എന്നും പറയണം. ഇതു തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നൊരു വിഭാഗം ഇവിടെ ഇല്ലേ? എന്നെ ഇപ്പോള്‍ വന്നു കൊണ്ടു പോകും എന്നൊക്കെ വാര്‍ത്ത വരുമ്പോള്‍ ഇവരൊക്കെ ചുമ്മാതെയിരിക്കുകയാണോ? അന്വേഷണം വരട്ടെ. എന്റെ അനുജത്തി ഒന്നര പവന്റെ താലിമാല മാത്രമാണു വിവാഹത്തിന് അണിഞ്ഞത്. അത് സ്വന്തം നാട്ടിലെ ടൗണിലെ കടയില്‍നിന്ന് അനുജത്തിയും ഭര്‍ത്താവും സഹോദരിയും കൂടി പോയി എടുത്തതാണ്.

അവള്‍ക്ക് ആ ഒരു മാലയും വിവാഹമോതിരവും മാത്രം മതിയെന്നാണ് പറഞ്ഞത്. പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടെന്നു തെളിയിക്കേണ്ടത് മോന്‍സന്‍ തന്നെയാണ്. അതിന് അദ്ദേഹത്തിനു സാധിക്കട്ടെ. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. എന്നെപ്പോലെ ഒരാള്‍ക്ക് അയാളുടെ കാശ് വാങ്ങേണ്ട ഗതികേട് വന്നിട്ടുണ്ടോ എന്നു പറയണം. കൊടുക്കല്‍ വാങ്ങലുകള്‍ക്ക് എവിടെയെങ്കിലും ഒരു തെളിവുണ്ടാകണം. വെറുതെ പറയുന്നതുകൊണ്ടു കാര്യമില്ല. എനിക്ക് അറിയില്ലായിരുന്നെങ്കില്‍ കേട്ടു ഞെട്ടുമായിരുന്നു.

രണ്ടു വര്‍ഷമായി ഈ നുണകള്‍ മാത്രം കേട്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ പിള്ളേര്‍ ഇത് എന്റെ അടുത്ത് എത്തിച്ചത്. ഞാന്‍ തന്നെ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുമ്പോള്‍ എനിക്കത് ഞെട്ടലുണ്ടാക്കുന്ന സംഭവമാകില്ല. ഇതിലും വലിയ കഥകള്‍ ഞാന്‍ ക്രൈംബ്രാഞ്ചിന് അയച്ചു കൊടുത്തിട്ടുണ്ട്. മോന്‍സന്‍ പറഞ്ഞാല്‍ ഉടന്‍ പിടിച്ചോണ്ടു പോകുന്ന ഓഫിസര്‍മാരുണ്ടെങ്കില്‍, അതാണ് നീതിയെങ്കില്‍ കഴുത്തു നീട്ടി കൊടുക്കുകയേ ഉള്ളൂ. പറഞ്ഞ കാര്യങ്ങളിലെ കള്ളത്തരങ്ങളല്ലേ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്റെ കെട്ടിയോന്റെ അടുത്തു കാശുണ്ടെന്ന് അവന്‍ പറയുന്നുണ്ട്, അപ്പോള്‍ അത് അറിഞ്ഞോണ്ടല്ലേ എന്റെയടുത്തു വന്നത്.

എന്റെയടുത്തു കാശ് തിരിച്ചു ചോദിക്കുമ്പോള്‍, തരുന്നില്ലെന്നു പറയുമ്പോള്‍, അവന്റെ സുഹൃത്തുക്കളൊക്കെ വലിയ പൊലീസ് ഓഫിസര്‍മാരായിരുന്നില്ലേ. എന്തുകൊണ്ട് പരാതി കൊടുത്തില്ല എന്നു ചിന്തിക്കൂ. ഈ സംഭവങ്ങളെ നേരിടാന്‍ എനിക്ക് വളരെ ലളിതമായി സാധിക്കും. ഒന്നും വാങ്ങിയിട്ടില്ല എന്നതു തന്നെയാണ് അതിന്റെ കാരണം. അന്ന് ഇവന്റ്‌സിന്റെ പണം കൊടുത്തത് ഇവരുടെ ജീവനക്കാരന്റെ പക്കല്‍ തന്നെയാണ്. അതിന്റെയെല്ലാം തെളിവ് ഫോട്ടോ എടുത്തു വച്ചിട്ടുണ്ട്.

എന്റെ വീട്ടില്‍ വേറെയും അനുജത്തിമാരുടെ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. അത്ര ദരിദ്ര കുടുംബത്തിലൊന്നുമല്ല ജനിച്ചത്. പിന്നെ അന്നു കുറച്ചു സിനിമാ, സീരിയല്‍ നടിമാരെ ഇയള്‍ കൊണ്ടുവന്നു. അത് എന്റെ അറിവോടെയായിരുന്നില്ല. അതിനും പണം നല്‍കിയിട്ടുണ്ട്. അവരുടെ പയ്യന്‍തന്നെ ഇതു സമ്മതിക്കുന്നുണ്ട്. എനിക്കു മറവി രോഗം വരുന്നതു വരെ ഇതൊന്നും മാറ്റിപ്പറയില്ല. ഈ വക വണ്ടിയൊന്നും എന്റെയടുത്ത് ഓടില്ലെന്ന് അനിത പുല്ലയില്‍ പറയുന്നു.

Top