Anju Bobby George resing in sports council president

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് പ്രസിഡന്റ് അജ്ഞു ബോബി ജോര്‍ജ് ഉള്‍പ്പെടെ 13 അംഗങ്ങള്‍ രാജിവച്ചു. അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനാവില്ലെന്ന് അഞ്ജു വ്യക്തമാക്കി.

നാളത്തെ ഒളിമ്പിക് ദിനാചരണത്തില്‍ അഞ്ജു പങ്കെടുക്കില്ല. ഒളിമ്പിക് ദിനാചരണത്തില്‍ കായിക മന്ത്രിയോടൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പങ്കെടുക്കേണ്ടതാണ്.

എന്നാല്‍ മന്ത്രി ഇ.പി. ജയരാജനോടൊപ്പം വേദി പങ്കിടാതെ മടങ്ങാനാണ് അഞ്ജുവിന്റെ തീരുമാനം.

അഞ്ജു രാജിവെക്കുമെന്ന് തന്നെ അറിയിച്ചതായി മുന്‍ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും പറഞ്ഞു. കൗണ്‍സിലില്‍ നിന്ന് അഞ്ജുവിനെ പുകച്ച് പുറത്തുചാടിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഒന്നടങ്കം രാജിസന്നസദ്ധത പ്രകടിപ്പിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെയും അഞ്ജുവിന്റെ സഹോദരന്റെ നിയമനമടക്കമുള്ള കാര്യങ്ങളിലും സര്‍ക്കാര്‍ ആരോപണമുന്നയിച്ച ശേഷം ആദ്യമായാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അഞ്ജു എത്തിയത്.

നേരത്തെ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ പരുഷമായി സംസാരിച്ചതായി അവര്‍ പരാതി ഉന്നയിച്ചിരുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായി അവര്‍ ആരോപിച്ചിരുന്നു. പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഇതേത്തുടര്‍ന്ന് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റ് പദവി ഏറ്റെടുത്തത് ഇവിടുത്തെ കായികതാരങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ മാത്രമാണെന്നും അതിനു വേണ്ടി പരിശ്രമിച്ചിട്ടുമുണ്ട് കായികമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ അഞ്ജു വ്യക്തമാക്കിയിരുന്നു.

താനും തനിക്കൊപ്പമുള്ളവരും പണത്തിന് വേണ്ടി കായിക രംഗത്തെ വഞ്ചിക്കുന്നവരല്ല.

ഇന്ത്യയില്‍ എവിടെ പോയാലും സാധാരണ ജനങ്ങള്‍ സ്‌നേഹത്തോടെ, ആദരവോടെയാണ് തന്നോട് പെരുമാറുന്നതെന്നും രാജ്യത്തിന് വേണ്ടി ഞാന്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണിതെന്നും അഞ്ജു കത്തില്‍ വ്യക്തമാക്കിയിരുന്നു.

സ്‌പോര്‍ടിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാാന്‍ കൂടുതല്‍ അര്‍ഹത അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ കായിക താരങ്ങള്‍ക്കാണ് എന്ന ഉത്തമ ബോധ്യത്തോടെയാണ് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാരവാഹിത്വം ഞാന്‍ ഏറ്റെടുത്തത്.

ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായല്ല ഞാന്‍ ഈ സ്ഥാനത്തേക്ക് എത്തിയതെന്നും അഞ്ജു കത്തില്‍ പറഞ്ഞിരുന്നു

Top