സൂറിച്ച് : ലോക അത്‌ലറ്റിക്‌സ് സംഘടനയുടെ വുമണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായി. കായികരംഗത്തു നിന്ന് വിരമിച്ചതിനുശേഷം ഇന്ത്യന്‍ അത്‌ലറ്റിക്‌സിനും സ്ത്രീശാക്തീകരണത്തിനും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
അഞ്ജു ബോബി ജോര്‍ജ് അക്കാഡമിയിലെ ശൈലി സിംഗ്, ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതും കണക്കിലെടുത്തതായി പുരസ്‌കാര നിര്‍ണയ സമിതി അറിയിച്ചു. അഞ്ജുവിന്റെ നേട്ടങ്ങള്‍ ഇന്ത്യയിലെ വനിതകള്‍ക്ക് അവരുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് കായികരംഗത്തെത്താന്‍ പ്രചോദനമായതായി ലോക അത്‌ലറ്റിക്‌സ് ട്വീറ്റില്‍ വ്യക്തമാക്കി.
ലോക അത്‌ലറ്റിക് സംഘടനയുടെ വുമണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അഞ്ജു വ്യക്തമാക്കി. രാജ്യത്തെ പെണ്‍കുട്ടികളെ ശാക്തീകിരക്കാനും കായികരംഗത്തെ പുതിയ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാനും കഴിയുന്നതില്‍പരം സന്തോഷം മറ്റൊന്നുമില്ലെന്നും അഞ്ജു പറഞ്ഞു.
400 മീറ്ററിലെ ഒളിംപിക് ചാംപ്യന്‍ നോര്‍വ്വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോം മികച്ച പുരുഷ അത്‌ലറ്റായും, 100 മീറ്ററിലെ ഒളിംപിക് ചാംപ്യന്‍ എലെയിന്‍ തോംസണ്‍ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.