anju boby george statement

തിരുവനന്തപുരം: കായികമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഞ്ജു ബോബി ജോര്‍ജ്. അഴിമതി നടത്തിയെന്നു പറഞ്ഞായിരുന്നു ഭീഷണി. ഇപ്പോഴത്തെ മന്ത്രിയുടെ തീരുമാനം നോക്കിയാല്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാര്‍ഡിനോ സ്ഥാനമാനങ്ങള്‍ക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.
അഞ്ജുവിനോടുള്ള കായികമന്ത്രിയുടെ പെരുമാറ്റം പൊറുക്കാന്‍ കഴിയാത്തതെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ശേഷം ഇ.പി.ജയരാജനെ ആദ്യമായി കാണാന്‍ എത്തിയപ്പോഴാണ് മന്ത്രി അഞ്ജുവിനോട് മോശമായി സംസാരിച്ചത്.

അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അഞ്ജു പരാതി നല്‍കി.

അടുത്തിടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാന്‍ഡ്‌ബോള്‍ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു.

ശാരീരികപ്രയാസങ്ങളുള്ള പരിശീലകന്റെതു മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു പറഞ്ഞെങ്കിലും കൗണ്‍സിലിലെ സ്ഥലം മാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതി. ഇത് കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരം.

Top