അങ്കമാലി: അങ്കമാലിലെ 11 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അടുത്ത ബന്ധു ഇക്കാര്യം സമ്മതിച്ചുവെന്നും ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ 22 ന് വൈകിട്ടാണ് കറുകുറ്റിയിലെ അമ്മ വീട്ടിലെ കുളിമുറിയില്‍ ചാലക്കുടി ഓടാലി സ്വദേശിയായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയില്‍ ആയിരുന്നു മൂക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.
എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ കണ്ട അസാധാരണമായ പാട് സംശയത്തിന് കാരണമായി. ഇതേത്തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.