മുംബൈ : കർഷക നന്മയ്ക്കായുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തന്റെ ജീവിതത്തിലെ അവസാനത്തെ നിരാഹാര സമരം നടത്തുമെന്നറിയിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. സ്വാമിനാഥൻ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുക, താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാസാവസാനം ഡൽഹിയിൽ നിരാഹാരം തുടങ്ങുമെന്നാണു മുന്നറിയിപ്പ്.
പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും 5 തവണയും പ്രതിഷേധത്തിനു രാംലീല മൈതാനം ബുക് ചെയ്യാൻ 4 തവണയും കത്തെഴുതി. രണ്ടിനും മറുപടി ഇല്ല. 2011, 2013 വർഷങ്ങളിൽ തന്റെ നിരാഹാര സമരങ്ങളെത്തുടർന്ന് അന്നത്തെ യുപിഎ സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചതും കത്തിൽ ഹസാരെ പറഞ്ഞു.