ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും എ.എപിക്കും എതിരെ അന്നാ ഹസാരെ നടത്തിയ രൂക്ഷമായ വിമര്‍ശനത്തില്‍ പ്രതികരണവുമായി പാര്‍ട്ടി രംഗത്തെത്തി.
അന്നാ ഹസാരെയുടെ ആശങ്കകള്‍ അടിസ്ഥാനമുള്ളതാണെന്ന് ഉപമുഖ്യമന്ത്രി മനിഷ് ശിശോദിയ പറഞ്ഞു. കൂടാതെ ന്യായവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ പാര്‍ട്ടി ശക്തമായ ത്വരിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്നാ ഹസാരെയ്ക്ക് പാര്‍ട്ടിയോടുള്ള സ്‌നേഹബന്ധമാണത് വിമശനത്തില്‍ നിന്നും വ്യക്തമാവുന്നതെന്നാണ് എ.എപി നേതാവായ കുമാര്‍ല വിശ്വാസ് അഭിപ്രായപ്പെട്ടത്.
അരവിന്ദ് കെജ്‌രിവാളിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ നിരന്തരം വിവാദത്തില്‍ പെടുന്നതില്‍ അതൃപ്തിയും നിരാശയും അണ്ണാ ഹസാരെ തുറന്നു പറഞ്ഞിരുന്നു.
കെജ്‌രിവാളിലുള്ള പ്രതീക്ഷ തനിക്ക് നശിച്ചുവെന്നും എഎപി മന്ത്രിസഭയിലെ അംഗങ്ങള്‍ ജയിലിലാവുന്നത് കാണേണ്ടി വന്നതില്‍ അതിയായ ദു:ഖമുണ്ടെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.
എഎപി മന്ത്രിസഭയിലെ അംഗമായിരുന്ന സന്ദീപ് കുമാര്‍ ലൈംഗിക സി.ഡി വിവാദത്തില്‍പെട്ട് അറസ്റ്റിലായതിനെ തുടര്‍ന്നാണ് അണ്ണാ ഹസാരെയുടെ പ്രതികരണം.