ന്യൂഡൽഹി: ലോക് പാൽ നിയമം, സ്വാമിനാഥൻ റിപ്പോർട്ട് തുടങ്ങിയവ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ അണ്ണാ ഹസാരെ നടത്തുവാൻ പോകുന്ന രണ്ടാം ഘട്ട സമരത്തിൽ കെജ് രിവാളിന്റെ നിലപാട് നിർണ്ണായകമാകും.
2011- ഏപ്രിലിൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനത്ത് ലക്ഷങ്ങളെ അണിനിരത്തി നടന്ന സത്യാഗ്രഹ സമരത്തിന്റെ പ്രധാന സംഘാടകനായിരുന്നു കെജ് രിവാൾ.ഒപ്പം മുൻ ഡി.ജി.പി കിരൺ ബേദിയും.
നിരാഹാരം കിടന്ന അണ്ണാ ഹസാരെയെ കാണാൻ ലക്ഷങ്ങൾ ഒഴികിയെത്തിയപ്പോൾ അവർക്ക് ആവേശം വിതറി സമരത്തെ സജീവമാക്കി നിർത്തിയതും കേന്ദ്ര സർക്കാറുമായുള്ള ചർച്ചയിൽ പങ്കെടുത്തതുമെല്ലാം കെജ് രിവാളിന്റെ നേതൃത്വത്തിലായിരുന്നു.
മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ കെജ് രിവാൾ തന്ത്രമാണ് ലക്ഷങ്ങളെ രാംലീല മൈതാനത്ത് അണിനിരത്താൻ സഹായകരമായിരുന്നത്.
സമരം അവസാനിപ്പിക്കാൻ അന്നത്തെ യു.പി.എ സർക്കാർ മുന്നോട്ട് വച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ പിന്നീട് പാലിക്കപ്പെട്ടില്ലങ്കിലും രാജ്യത്ത് പുതിയ ചരിത്രം സൃഷ്ടിച്ച നിരാഹാരമായിരുന്നു ഹസാരെയുടേത്.
രാജ്യത്തെ രാഷ്ട്ര പാർട്ടികളെ ഞെട്ടിക്കുകയും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ രൂപത്തിൽ ചർച്ച ചെയ്യാനും വഴിയൊരുക്കിയ ഈ സമരം ഉയർത്തിയ സന്ദേശത്തിന്റെ ഉൽപ്പന്നമാണ് കെജ് രിവാളും സംഘവും രൂപീകരിച്ച ആം ആദ്മി പാർട്ടി.
കെജ് രിവാളിന്റെ രാഷ്ട്രീയ നീക്കത്തോട് താൽപര്യമില്ലാതിരുന്ന അണ്ണാ ഹസാരെ അധികം താമസിയാതെ കെജ് രിവാളുമായി ഉടക്കുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്.
ഹസാരെയുടെ ഈ നിലപാടിന് പിന്നിൽ ചില കേന്ദ്രങ്ങളുടെ ഹിഡൻ ‘ അജണ്ട’ ഉണ്ടായിരുന്നുവെന്ന് അക്കാലത്ത് തന്നെ ആരോപണവും ഉയർന്നിരുന്നു.
എന്നാൽ ഹസാരെ ഉടക്കിയിട്ടും കെജ് രിവാൾ ഇതുവരെ തിരിച്ച് അദ്ദേഹത്തിനെതിരെ ഒരു പരാമർശവും നടത്തിയിരുന്നില്ല. മാത്രമല്ല എപ്പോഴും സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.
ഹസാരെയുടെ സമരത്തിൽ പങ്കെടുത്ത ഡൽഹിയിലെ ബഹു ഭൂരിപക്ഷവും ഇപ്പോഴും ആം ആദ്മി പാർട്ടിയിലാണ് തുടരുന്നത്.
രാഷ്ട്രീയ ഇന്ത്യയെ ഞെട്ടിച്ച് രാജ്യ തലസ്ഥാനത്തിന്റെ ഭരണം പിടിക്കാനും നാല് എം പിമാരെ കന്നി തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനും ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞത് കെജ് രിവാളിന്റെ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരമായിരുന്നു.
അടുത്തയിടെ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷമായി രണ്ടാമതെത്താനും ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു.
ഇടക്കാലത്ത് ഡൽഹിയിൽ നേരിട്ട തിരിച്ചടിക്ക് ദിവസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കാൽലക്ഷത്തോളം വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷം നേടിയാണ് കെജ് രിവാളും സംഘവും ചുട്ട മറുപടി നൽകിയത്.
ആം ആദ്മി എം.എൽ.എയെ ചാക്കിട്ട് പിടിച്ച ബി.ജെ.പി, കൂട് മാറിയെത്തിയവനെ തന്നെ മത്സരിപ്പിച്ചിട്ടും ദയനീയ പരാജയമാണ് ഇവിടെ ഏറ്റുവാങ്ങിയത്.
പൂർവ്വാധികം ശക്തനായി ഡൽഹിയിൽ വീണ്ടും പിടിമുറുക്കിയ കെജ് രിവാളിന്റെ തട്ടകത്തിൽ വീണ്ടുമൊരു അങ്കത്തിനായി ഹസാരെ എത്തുമ്പോൾ പഴയ പോലെ ആളുകൾ ഒഴുകണമെങ്കിൽ ഇനി കെജ് രിവാൾ കൂടി വിചാരിക്കേണ്ടി വരും.
കേന്ദ്ര സർക്കാറിനെതിരെയാണ് സമരമെങ്കിലും അനുയായികൾ ഒഴികിയെത്തിയില്ലങ്കിൽ നാണക്കേടാവുമെന്നതിനാൽ സമരത്തിനിറങ്ങും മുൻപ് കെജ് രിവാളിന്റെ പിന്തുണ തേടണമെന്ന അഭിപ്രായം ഹസാരെ ക്യാമ്പിൽ ഉയർന്നു കഴിഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ഹസാരെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ലോക് പാലിനു പുറമെ ഭക്ഷ്യ സുരക്ഷ, കർഷക ക്ഷേമം എന്നിവക്കു മുൻതൂക്കം നൽകുന്ന സ്വാമിനാഥൻ റിപ്പോർട്ടും ഉടൻ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ ഹസാരെ ആവശ്യപ്പെട്ടിട്ടുണ്ട്.
അധികാരത്തിലേറി മൂന്ന് വർഷമായിട്ടും ലോക്പാൽ മോദി സർക്കാർ നടപ്പാക്കാത്തതാണ് രണ്ടാം ഘട്ട സമരത്തിന് ഹസാരെയെ ഇപ്പോൾ പ്രേരിപ്പിച്ചിരിക്കുന്നത്.
2011 – ലേത് പോലുള്ള ഒരു ജനകീയ മുന്നേറ്റം ഡൽഹിയിൽ ആവർത്തിക്കാൻ താൽപ്പര്യപ്പെടാത്ത കേന്ദ്ര സർക്കാർ കെജ് രിവാൾ – ഹസാരെ കൂട്ട് കെട്ട് വീണ്ടും ഉണ്ടാകുന്നതിനെയാണ് ആശങ്കപ്പെടുന്നത്.
ഇത്തരമൊരു കൂട്ട് കെട്ട് സമരവുമായി രംഗത്ത് വരുന്നതിനു മുൻപ് പ്രശ്ന പരിഹാരത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
അതേ സമയം ഹസാരെ സ്വന്തം നിലക്ക് പ്രക്ഷോഭത്തിനിറങ്ങുന്നതിനെ കേന്ദ്രവും ബി.ജെ.പി നേതൃത്ത്വവും ഭയപ്പെടുന്നില്ലന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.