ആന്‍ ഫ്രാങ്കിന്റെ ഡയറിയിലെ ഒളിപ്പിച്ചുവെച്ച ഭാഗങ്ങള്‍ കണ്ടെത്തി. നാസികളില്‍ നിന്നും രക്ഷ നേടാന്‍ ആന്‍ഫ്രാങ്കും കുടുംബവും ഒളിവില്‍ താമസിച്ചപ്പോള്‍ എഴുതിയ ഡയറിക്കുറിപ്പുകളുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്.
നാസികളില്‍ നിന്നും രക്ഷ നേടാന്‍ ആന്‍ഫ്രാങ്കും കുടുംബവും ആംസ്റ്റര്‍ഡാമിലെ നിലവറയില്‍ രഹസ്യമായി കഴിച്ചു കൂട്ടിയത് 25 മാസങ്ങളാണ്. ഹിറ്റ്‌ലറുടെ പൊലീസായ ഗെസ്റ്റപ്പോ അവരെ പിടികൂടുകയും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലയക്കുകയും ചെയ്തു. അവിടെ നിന്നും ജീവനോടെ പുറത്തു വന്നത് ആന്‍ഫ്രാങ്കിന്റെ പിതാവ് മാത്രമായിരുന്നു. തന്റെ മകള്‍ അക്കാലത്ത് എഴുതിയ ഡയറി സൂക്ഷിച്ചുവെച്ച് പിന്നീട് പ്രസിദ്ധീകരിച്ചതും ആന്‍ഫ്രാങ്കിന്റെ പിതാവായിരുന്നു.
അങ്ങനെയാണ് ആന്‍ഫ്രാങ്ക് എന്ന 13 വയസുകാരി പ്രതീക്ഷയുടെ പ്രതീകമായി മാറിയത്. കൗമാരക്കാരിയുടെ ഒളിവ് ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് എന്ന പേരില്‍ പ്രസിദ്ധമാണ്.
അന്ന് ഡയറിയില്‍ നിന്നും പ്രസിദ്ധീകരിക്കാതിരുന്ന ചില ഭാഗങ്ങള്‍ നെതര്‍ലന്‍ഡ്‌സിലെ ചില ഗവേഷകര്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിച്ച രണ്ടു പേജുകളാണ് ഇപ്പോള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലൈംഗികത, ഗര്‍ഭ നിരോധനം, വേശ്യാവൃത്തി എന്നിവയെക്കുറിച്ചാണ് ഇവയില്‍ വിശദീകരിച്ചിരിക്കുന്നതെന്ന് ആന്‍ ഫ്രാങ്ക് ഹൗസ് പ്രഖ്യാപിച്ചു. ‘ദ ഡയറി ഓഫ് എ യങ് ഗേള്‍’ എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആനെന്ന പെണ്‍കുട്ടിയെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഈ കുറിപ്പുകള്‍. ഒരു ചെറുചിരി ഒളിപ്പിച്ചുവെക്കാതെ ആന്‍ എഴുതിയത് വായിക്കാനാവില്ല. വളരുന്ന കുട്ടികളില്‍ ഇത്തരം സംശയങ്ങള്‍ സാധാരണമാണ്. എല്ലാ കഴിവുകളോടും കൂടിയ ഒരു സാധാരണ പെണ്‍കുട്ടിയാണ് ആന്‍ എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ആന്‍ ഫ്രാങ്ക് ഹൗസ് പറയുന്നു.