ആംസ്റ്റര്‍ഡാം: ആന്‍ ഫ്രാങ്കിന്റെ എട്ടുവരി കവിതയ്ക്ക് ഒരു കോടി രൂപ. 1942 ല്‍ ആന്‍ ഒരു സുഹൃത്തിന് എഴുതിയ കവിതയാണ് 10064000 രൂപയ്ക്ക് ലേലത്തില്‍ വിറ്റുപോയത്.
നെതര്‍ലന്‍ഡ്‌സ് ഹാര്‍ലെം കേന്ദമായി പ്രവര്‍ത്തിക്കുന്ന ബുബ് കൈപെര്‍ ഓക്ഷന്‍ ഹൗസാണ് കവിത ലേലത്തില്‍വച്ചത്.
നാസികളെ ഭയന്ന് ആനിന്റെ കുടുംബം ഒളിവില്‍പോകുന്നതിന് മുമ്പ്, 1942 മാര്‍ച്ച് 28 എന്ന് തീയതിവച്ചെഴുതിയ കവിത ആനിന്റെ തന്നെ കൈപ്പടയിലുള്ളതാണ്. ആനിന്റെ ഒപ്പും കവിതയ്‌ക്കൊപ്പുമുണ്ട്.
ജര്‍മന്‍ പടയെ പേടിച്ച് രഹസ്യ സങ്കേതത്തിലേക്ക് ആനും കുടുംബവും മാറുന്നതിന് നാലു മാസങ്ങള്‍ക്കു മുമ്പ് ആനിന്റെ ആത്മ സുഹൃത്തായ ജാക്വലിന്റെ മൂത്ത സഹോദരി ക്രിസ്റ്റ്യാനെ വാന്‍ മാര്‍സന് എഴുതിയതാണ് എട്ടുവരി കവിത.
ആന്‍ എഴുതിയ ഡയറി കുറിപ്പുകളില്‍ കൂടിയാണ് നാസി ഭരണത്തിന്‍ കീഴില്‍ ജൂതന്മാര്‍ അനുഭവിക്കേണ്ടി വന്ന യാതനകളെ കുറിച്ച് ലോകം അറിഞ്ഞത്.
ജര്‍മനിയിലെ ഒരു ജൂത കുടുംബത്തില്‍ ഓട്ടോ ഫ്രാങ്കിന്റെയും എഡിത് ഫ്രാങ്കിന്റെയും രണ്ടു മക്കളില്‍ ഇളയവളായാണ് ആന്‍ ഫ്രാങ്ക് ജനിച്ചത്.
വംശശുദ്ധിയുടെ പേരില്‍ ജര്‍മനിയില്‍ നാസികള്‍ ജൂതന്മാരെ ഒന്നടക്കം ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയതോടെ ആനിന്റെ കുടുംബം ഹോളണ്ടിലേക്ക് പലായനം ചെയ്തു.
ഹോളണ്ടും കീഴടക്കി ജര്‍മനി ജൂതന്മാരെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളില്‍ നിഷ്‌കരുണം കൊലചെയ്തു.
ഒടുവില്‍ പതിമൂന്നാം വയസ്സില്‍ നാസികളുടെ കൈയ്യില്‍ അകപ്പെട്ട ആന്‍ 1945ല്‍ ബെല്‍സെന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അസുഖവും പട്ടിണിയും മൂലം മരണത്തിനു കീഴടങ്ങുകയായിരുന്നു.