ചടയമംഗലം: സ്ത്രീസുരക്ഷ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് സിപിഐ കേന്ദ്രഎക്സിക്യൂട്ടീവ് അംഗം ആനിരാജ. അതിക്രമങ്ങളെ മൗനമായി നേരിടുകയല്ല മറിച്ച് ഉറച്ച ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഉറക്കെ സംസാരിക്കാനും ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കാനും കഴിയുന്നവരായി ആധുനിക സമൂഹത്തിലെ സ്ത്രീകള്‍ മാറണമെന്ന് അവര്‍ പറഞ്ഞു.
23-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി ‘ഇന്ത്യന്‍ സ്ത്രീ സമൂഹവും സമീപകാല വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ചടയമംഗലത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്വതന്ത്രഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് തുല്യത ലഭിക്കണമെന്ന ഉറച്ച നിലപാടുള്ളവരാണ്. അതിനുവേണ്ടി വിപുലമായ പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്നും പാര്‍ലമെന്റിലും നിയമസഭകളിലും കൂടുതല്‍ വനിതാപ്രതിനിധ്യം വേണമെന്ന ഉറച്ച നിലപാട് ഉള്ളവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു.
അതേസമയം, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കാതെ യോഗ തുടങ്ങണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെയും അവര്‍ കുറ്റപ്പെടുത്തി. ഇന്ത്യ നേരിടുന്ന വര്‍ഗീയ ഫാസിസ്റ്റ് വെല്ലുവിളികളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്നും പ്രായപൂര്‍ത്തിയായാല്‍ സ്വന്തം വിശ്വാസത്തിനുസരിച്ച് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നിരിക്കെ സ്ത്രീകള്‍ക്ക് സംഘപരിവാര്‍ ശക്തികള്‍ വിലക്ക് കല്‍പിച്ചിരിക്കുകയാണെന്നും ആനി രാജ പറഞ്ഞു.
2020-ആകുമ്പോഴേക്കും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും മുസ്ലിം ക്രൈസ്തവ സഹോദരങ്ങളെ പീഡിപ്പിക്കാനും തന്ത്രങ്ങള്‍ മെനയുകയാണെന്നും ആനിരാജ കുറ്റപ്പെടുത്തി. സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലൈംഗിക അതിക്രമമല്ല മറിച്ച് പെണ്ണായി പിറന്നുവീഴാനുള്ള അവകാശത്തെ ഹനിക്കലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.