Announcement of Complete primary education; Kerala says lie

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെക്കൊണ്ട് കേരളം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയെന്ന് പ്രഖ്യാപിപ്പിക്കുന്നത് ദേശീയ സാക്ഷരതാ മിഷന്റെ അംഗീകാരം പോലുമില്ലാതെ. നാളെ തിരുവനന്തപുരത്താണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി പ്രഖ്യാപനം നടത്തുക.

കേരളത്തില്‍ പത്തൊന്‍പതര ലക്ഷം നിരക്ഷരരുണ്ടെന്നാണ് 2011ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കേവലം രണ്ടുലക്ഷത്തി അയ്യായിരത്തോളം പേര്‍ക്ക് നാലാം ക്ലാസ് തുല്യത നേടിക്കൊടുത്തെന്നു പറഞ്ഞാണ് സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനം നടത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ നേട്ടമെന്നു പ്രചരിപ്പിക്കുന്നതിനാണ് പ്രഖ്യാപന തട്ടിപ്പു നടത്തുന്നത്.

കേരളം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയെന്നു പ്രഖ്യാപിക്കപ്പെടുന്നതോടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര ഫണ്ടുകളൊന്നും കേരളത്തിനും ലഭിക്കില്ല. ഇതോടെ ആദിവാസി, മത്സ്യതൊഴിലാളി പിന്നാക്ക മേഖലയിലുളളവര്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാതെ അവഗണിക്കപ്പെടും. സര്‍വീസ് സംഘടനാ നേതാവ് എം. സുജയ് ഡയറക്ടറായ സംസ്ഥാന സാക്ഷരതാ മിഷനെ നിയന്ത്രിക്കുന്നത് മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ സലീം കുരുവമ്പലം ചെയര്‍മാനായ സാക്ഷരതാ മിഷന്‍ അഡ്മിനിസട്രേറ്റീവ് കമ്മിറ്റിയാണ്.

പി.കെ അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ തന്നെ പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗിന് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള നീക്കമാണ് ഉപരാഷ്ട്രപതിയെകൊണ്ട് തിടുക്കപ്പെട്ട് പ്രഖ്യാപനം നടത്തിപ്പിക്കുന്നതിനു പിന്നില്‍. കേരളം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനെക്കുറിച്ചോ ഉപരാഷ്ട്രപതി പ്രഖ്യാപനം നടത്തുന്നതിനെക്കുറിച്ചോ ഒന്നും അറിയില്ലെന്നാണ് ദേശീയ സാക്ഷരതാ മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ പൊതുപരീക്ഷ നടത്തി പുറമെനിന്നുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് സഹിതം ദേശീയ സാക്ഷരതാമിഷന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

91 ല്‍ കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയെങ്കിലും 2001ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ നിരക്ഷരര്‍ 40 ലക്ഷമായിരുന്നു. കേരളത്തിലെ ആദിവാസി, ദലിത്, മത്സ്യതൊഴിലാളി മേഖലകളില്‍ ഇപ്പോഴും നിരക്ഷരത ഗുരുതരമായ പ്രശ്‌നമായാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം യുനെസ്‌കോ റിപ്പോര്‍ട്ട് പ്രകാരം 90 ശതമാനം സാക്ഷരത നേടിയാല്‍ സമ്പൂര്‍ണമെന്നു പ്രഖ്യാപിക്കാമെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എം. സുജയ് പറഞ്ഞു. ഏതാണ്ട് രണ്ട്‌ലക്ഷത്തി അയ്യായിരത്തോളം പേര്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചിട്ടുണ്ടെന്നും പ്രഖ്യാപനം സംബന്ധിച്ച ദേശീയ സാക്ഷരതാമിഷനെ അറിയിക്കേണ്ട ആവശ്യമില്ലെന്നും അവര്‍കുറേക്കാലമായി സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സക്ഷരതാ മിഷനെ അറിയിക്കുകയോ അവരുടെ അനുമതി വങ്ങുകയോ ചെയ്യാതെ ഉപരാഷ്ട്രപതിയെക്കൊണ്ട് ഇത്തരമൊരു പ്രഖ്യാപനം നടത്തിക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ദരുടെ വിലയിരുത്തല്‍.

Top