ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 20 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു.
ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്. വര്‍ഷകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ സമ്മേളനത്തിന്റെ തുടക്കം പഴയ മന്ദിരത്തിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമ്മേളനത്തിന്റെ പാതിയില്‍ പുതിയ മന്ദിരത്തിലേക്ക് മാറാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായത്. വിവാദം മുറുകുന്നതിനിടെ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗംചേരുന്നുമുണ്ട്. നിയമകമ്മിഷന്‍, നിയമകാര്യ വകുപ്പ്, ലെജിസ്ലേറ്റീവ് വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ അഭിപ്രായം സമിതി കേള്‍ക്കും. വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും രാഷ്ട്രീയത്തിനുപരിയായാണ് പരിശോധിക്കുകയെന്നുമാണ് സമിതി അധ്യക്ഷനും ബി.ജെ.പി. നേതാവുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞിരിക്കുന്നത്.
വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍തേടി കമ്മിഷന്‍ ജൂണ്‍ 14-ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മാസമാണ് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ കമ്മിഷന്‍ സമയം നല്‍കിയിരിക്കുന്നത്. ഏക സിവില്‍ കോഡ് ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അഭ്യൂഹങ്ങളും നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28ന് ഉദ്ഘാടനം ചെയത് പുതിയ പാര്‍ലമെന്റിന് ഒട്ടേറെ സവിശേഷതകളുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അംഗങ്ങള്‍ക്ക് സഭാനടപടികള്‍ ഇനി തത്സമയം മലയാളത്തിലടക്കം കേള്‍ക്കാം. മലയാളമുള്‍പ്പെടെ 22 ഔദ്യോഗികഭാഷകളില്‍ തത്സമയ പരിഭാഷയുണ്ടാകും. ഇതിനായി പരിഭാഷകരെ നിയമിച്ച് പരിശീലനം നല്‍കിവരുന്നുണ്ട്.