ന്യൂഡല്‍ഹി: യുക്രെയിനില്‍നിന്ന് 154 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരടക്കം ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ ആകെ 398 മലയാളി വിദ്യാര്‍ഥികള്‍ നാട്ടില്‍ എത്തി.
രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതലായി വിദ്യാര്‍ഥികള്‍ എത്തുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇതില്‍ 170 വിദ്യാര്‍ഥികള്‍ 2 ന് രാത്രി 8.20 ഓടെ കൊച്ചി വിമാനത്താവളത്തില്‍ എത്തും. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തി കേരള ഹൗസില്‍ വിശ്രമിക്കുകയായിരുന്ന 36 വിദ്യാര്‍ഥികളും ഇന്ന് രാവിലെ എത്തിയ 134 വിദ്യാര്‍ഥികളും അടങ്ങുന്നതാണ് ഈ വിമാനത്തിലുള്ള സംഘം. നെടുമ്പാശേരിയില്‍നിന്നു വിദ്യാര്‍ഥികളെ സ്വദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ കാസര്‍കോടേയ്ക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി.
ഡല്‍ഹിയില്‍ എത്തിയവരില്‍ ഏഴു പേരെ 6.55നുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്കും രണ്ടു പേരെ 6.55നുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ കണ്ണൂരേയ്ക്കും അയച്ചു. അഞ്ചു പേരെ 8.10നുള്ള എയര്‍ ഏഷ്യ ഫ്‌ളൈറ്റിലും അഞ്ചു പേരെ 10.45നുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേക്കും അയക്കും. ഇവരടക്കം ഡല്‍ഹിയിലും മുംബൈയിലുമായി ഇതുവരെ എത്തിയ 395 പേരെയും നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നു പേര്‍ കേരളത്തിനു പുറത്തുള്ളവരാണ്. ഇതില്‍ ഒരാള്‍ ഡല്‍ഹിയിലും ഒരാള്‍ മുംബൈയിലും സ്ഥിരതാമസമാക്കിയവരാണ്. ഒരാള്‍ ഡല്‍ഹിയില്‍നിന്ന് അബുദാബിയിലെ മാതാപിതാക്കളുടെയടുത്തേക്കു മടങ്ങി.
ബുക്കാറെസ്റ്റില്‍നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനമടക്കം നാലു വിമാനങ്ങള്‍കൂടി ഇന്നു ഡല്‍ഹിയില്‍ എത്തുന്നുണ്ട്. നാളെയും എട്ടു ഫ്‌ളൈറ്റുകള്‍ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കും മുംബൈയിലേക്കും സര്‍വീസ് നടത്തുമെന്നാണ് അറിയിപ്പ്. ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാര്‍ഥികളേയും അതിവേഗത്തില്‍ കേരളത്തിലെക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയര്‍പോര്‍ട്ടില്‍ സജ്ജമാണ്.