ധനുവച്ചപുരത്ത് വീണ്ടും ആക്രമണം; ആക്രമണം നടത്തിയവര്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ധനുവച്ചപുരത്ത് വീണ്ടും ആക്രമണം. സി പി ഐ എം പ്രവര്‍ത്തകനായിരുന്ന നവകുമാറിന്റെ സ്മൃതി മണ്ഡപത്തിനുനേരെയാണ് ആക്രമണമുണ്ടായത്. നവകുമാറിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് സ്മൃതിമണ്ഡപത്തിനുനേരെ ആക്രമണം നടന്നത്. ഇതിനോടനുബന്ധിച്ച് കെട്ടിയിരുന്ന കൊടിതോരണങ്ങളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്മൃതിമണ്ഡപത്തിന്റെ വശങ്ങള്‍ തകര്‍ന്ന നിലയിലാണുള്ളത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി ധനുവച്ചപുരത്ത് കോളജിന് നേരെ പെട്രോള്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സി പി ഐ എം സ്മൃതിമണ്ഡപവും ആക്രമിക്കപ്പെടുന്നത്. ഇന്നലെ രാത്രിയിലായിരുന്നു ധനുവച്ചപുരത്ത് ഗുണ്ടാസംഘം പെട്രോള്‍ ബോംബ് ആക്രമണം നടത്തിയത്. കോളജിലേക്കും ഡ്രൈവിംഗ് സ്‌കൂളിലേക്കുമാണ് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തിരുന്നു.

രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളജിന് മുന്നിലെ വാഹനം തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ധനുവച്ചപുരം റെയില്‍വേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്‌കുളിലെ വാഹനങ്ങും തകര്‍ത്തു. ഇന്നലെ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസിന്റെ പിടിയില്‍ ആയിട്ടുണ്ട്.

 

 

Top