മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ (75) ആണ് മരിച്ചത്. കടുത്ത ഹൃദ്രോഗബാധിതനായായിരുന്നു. അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ച്ചക്കുള്ളില്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയെ രണ്ടാഴ്ച്ചക്കുള്ളില്‍ പിടിച്ചുകെട്ടണമെന്നാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. ഉദ്യോഗസ്ഥ തല അലംഭാവം കൊവിഡ് വ്യാപനം ഗുരുതരമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് കാലാവധി നിശ്ചയിച്ചു കൊണ്ടുള്ള ഈ നിര്‍ദ്ദേശങ്ങളും. ഇതോടൊപ്പം പൊലീസിന് കൂടുതല്‍ അധികാരം നല്‍കിയതും ചീഫ് സെക്രട്ടറി ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധികാരം ജില്ലാ പൊലീസ് ഓഫീസര്‍മാര്‍ക്കാണെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ ഇന്‍സ്റ്റന്റ് കമാണ്ടര്‍മാരാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കേന്ദ്ര ഉത്തരവില്‍ നിന്നും വിരുദ്ധമായി ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തില്‍ പൊലീസുകാരെ കമാണ്ടര്‍മാരാക്കും എന്നാണ് വ്യക്തമാക്കുന്നത്.