നേപ്പാള്‍: നേപ്പാളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 4.17 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ പരുക്കുകളോ വന്‍തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ചയും നേപ്പാളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ധാഡിംഗിലാണ്. ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാഗ്മതി, ഗണ്ഡകി പ്രവിശ്യകളിലെ മറ്റ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.
പടിഞ്ഞാറന്‍ നേപ്പാളില്‍ ഉച്ചയ്ക്ക് 2:25 നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 4.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. തുടര്‍ന്ന് 2:51 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പിന്നാലെ 3.6, 3.1 തീവ്രതകളില്‍ രണ്ട് ഭൂചലനങ്ങള്‍ കൂടി ഇതേ പ്രദേശത്ത് യഥാക്രമം 15 കിലോമീറ്റര്‍ ആഴത്തിലും 10 കിലോമീറ്റര്‍ ആഴത്തിലും അനുഭവപ്പെട്ടു. വൈകിട്ട് 3:06 നും 3:19 നും വീണ്ടും ഭൂചലനമുണ്ടായി.