മോസ്‌കോ : തോളിനേറ്റ പരുക്കില്‍ നിന്ന് തിരിച്ചുവരാന്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാല ഒരുങ്ങുമ്പോള്‍ മറ്റൊരു താരം പരുക്കിന്റെ പിടിയില്‍. ഈജിപ്തിന്റെ റൈറ്റ് ബാക്ക് അഹ്മദ് ഫതിയാണ് പരുക്കേറ്റ് ഇന്നലെ ട്രെയിനിങ്ങ് ഗ്രൗണ്ട് വിട്ടത്. ടീമിന്റെ ട്രെയിനിങ് സെഷനിടെ ഏറ്റ പരുക്ക് സാരമുള്ളതല്ല എന്നാണ് ഈജിപ്ഷ്യന്‍ മെഡിക്കല്‍ ടീം പറഞ്ഞത്. എന്നാല്‍ അടുത്ത മത്സരത്തില്‍ ഫതി ഇറങ്ങുമൊ എന്ന് ഈജിപ്ത് സംഘം ഉറപ്പ് നല്‍കിയില്ല.
ഈജിപ്ത്യന്‍ ക്ലബായ അല്‍ അഹ്ലിയുടെ താരമാണ് അഹ്മദ് ഫതി. ഉറുഗ്വേക്ക് എതിരായ ആദ്യ മത്സരത്തില്‍ മുഴുവന്‍ സമയവും ഫതി കളത്തില്‍ ഇറങ്ങിയിരുന്നു. അതേസമയം പരുക്കില്‍ നിന്നെല്ലാം മുക്തനായി സാല റഷ്യക്കെതിരെ കളിക്കുമെന്ന് ഈജിപ്ത് മാനേജര്‍ ഇഹാബ് ലഹേത പറഞ്ഞു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെ സലാ ബെഞ്ചില്‍ തന്നെ ആയിരുന്നു. മത്സരം എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്ത് തോല്‍ക്കുകയും ചെയ്തു.
തോളിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും സലാ മുക്തനായെന്നും റഷ്യക്കെതിരെ ആദ്യ 11ല്‍ തന്നെ താരം ഉണ്ടാകുമെന്നും ഇഹാബ് പറഞ്ഞു. കഴിഞ്ഞ ദിവസം ടീമിനൊപ്പം ട്രെയിനിങ്ങ് സെഷനില്‍ പൂര്‍ണ്ണമായും സലാ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ആണ് റഷ്യയുമായുള്ള ഈജിപ്തിന്റെ മത്സരം.