മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ക്ക് പരിക്കേറ്റു, ഇംഫാലിലെ കുടുംബങ്ങളെ സര്‍ക്കാര്‍ ഒഴിപ്പിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. നരന്‍സീനയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ സര്‍ക്കാര്‍ ഒഴിപ്പിച്ചു. 24 പേരെ ക്യാങ്ങ്‌പോപ്പിയിലേക്കാണ് മാറ്റിയത്. ഇവരുടെ വീടുകള്‍ക്ക് നേരത്തെ കേന്ദ്രസേന കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ആഗസ്റ്റ് 29ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേരാണ് കൊല്ലപ്പെട്ടത്.

അതിനിടെ മെയ്‌തെയ് സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ‘കറുത്ത സെപ്തംബര്‍’ ആചരിക്കാനാണ് തീരുമാനം. വീടുകളില്‍ കറുത്ത കൊടി കെട്ടാന്‍ ആഹ്വാനം ചെയ്തു. ഈ മാസം 21 വരെയാണ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിനും കുക്കികള്‍ക്കും എതിരെയാണ് മെയ്‌തെയ് വിഭാഗത്തിന്റെ പ്രതിഷേധം. മണിപ്പൂരില്‍ മെയ് 3ന് ആരംഭിച്ച സംഘര്‍ഷം നാല് മാസമായിട്ടും അവസാനിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ എയര്‍ ഡ്രോപ്പിങ് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോടും മണിപ്പൂര്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

മണിപ്പൂര്‍ കലാപത്തെ സംബന്ധിച്ച 27 കേസുകള്‍ കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തിരുന്നു. ഇവയില്‍ 19 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീംകോടതി അസമിലേക്ക് മാറ്റിയിട്ടുണ്ട്.

Top