മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നാമതൊരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്‍.സി.പി നേതാവും മന്ത്രിയുമായ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം, കാബിനറ്റ് മന്ത്രിയുടെ ആറു സ്റ്റാഫ് മെമ്പര്‍മാര്‍ക്കും വ്യാഴാഴ്ച രാത്രിയോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു ഡ്രൈവര്‍മാരും പാചകക്കാരനും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
നേരത്തേ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാനും ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാദിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അശോക് ചവാന്റെ വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ആവാദ് രോഗമുക്തി നേടി വീട്ടിലെത്തി.
അതേസമയം, മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പുതുതായി 3,607 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 152 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവിഭാഗത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 97,648 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 46,078 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,590 ആയി.