പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം

ന്യൂഡല്‍ഹി: പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. ഇരുപത്തിനാല് മണിക്കൂറിനിടെയാണ് രണ്ടാമത്തെ സംഭവം നടന്നത്. സംഭവങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആര്‍എസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെ ഒരു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിന് പിന്നാലെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഞെട്ടിപ്പിക്കുന്ന അടുത്ത സംഭവം.

കപൂര്‍ത്തലയിലെ ഗുരുദ്വാരയിലും മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഗുരുദ്വാരയില്‍ വച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് ആള്‍ക്കൂട്ടം ശഠിച്ചു. തുടര്‍ന്ന് പോലീസിന്റെ മുന്നില്‍ വച്ച് കൂടുതല്‍ പേര്‍ ആക്രമിക്കുകയായിരുന്നു. വലിയ വടികളുമായായിരുന്നു ആക്രമണം.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചു. സംഭവത്തെക്കുറിച്ചന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തോടാവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാര്‍ത്ഥ് ചതോപാധ്യായ വ്യക്തമാക്കി. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top