ദില്ലി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. അമേരിക്കയിലും ജപ്പാനിലും അടക്കം വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ നിർദ്ദേശം. അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് ദില്ലിയിൽ യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, ഇന്ത്യയിലെ കൊവിഡ് കണക്കുകളിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയത്. 1103 പേർക്കാണ് കഴിഞ്ഞ ഒരാഴ്ച്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വർഷം മുമ്പ് മാർച്ചിൽ ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രതിവാര കണക്ക് ആയിരത്തിലെത്തുന്നത്. ഒരാഴ്ച്ചയ്ക്കിടെയുള്ള കൊവിഡ് മരണ നിരക്ക് പന്ത്രണ്ടായി കുറഞ്ഞു. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ചൈനയിലും ജപ്പാനിലും പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നതിനിടയിലാണ് ഇന്ത്യയിൽ കണക്കുകൾ ആശ്വാസമാകുന്നത്.