മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. പുല്‍പ്പള്ളി 56ല്‍ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വാഴയില്‍ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിന്‍ഭാഗം പാതി കടുവ തിന്ന നിലയിലാണ്. വീടിനു സമീപം കെട്ടിയിരുന്ന പശുവിനെ രാത്രിയിലാണ് കടുവ ആക്രമിച്ചത്.
അതേസമയം, വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്. ഇന്നലെ ആന ചവിട്ടിക്കൊന്ന വനംവകുപ്പ് ജീവനക്കാരന്‍ പോളിന്റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചു. മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ബസ് സ്റ്റാന്റിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
വന്യജീവി ആക്രമണത്തിന് പരിഹാരം കണ്ടെത്താന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. പോളിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞയാഴ്ച പടനിലത്ത് അജീഷിനെ കൊലപ്പെടുത്തിയ ആന ബേലൂര്‍ മഗ്‌നയെ പിടികൂടാന്‍ എട്ടാം ദിവസവും ദൗത്യസംഘം ശ്രമം തുടരുകയാണ്.