സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു; ഇതോടെ ഇന്ന് അഞ്ച് മരണം

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് കൊവിഡ് ബാധിച്ചു മരിച്ചത്. ആലുവ കോളനിപ്പടി കാഞ്ഞിരത്തിങ്കല്‍ അബ്ദുല്‍ കാദര്‍ഭായിയുടെ മകനായ ബൈഹഖി ആലുവ പമ്പ് ജംങ്ഷനിലെ വ്യാപാരിയാണ്. ഇതോടെ ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിഴക്കെകതിരൂരില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നെന്ന് ഇന്ന് സ്ഥിരീകരണം വന്നിരുന്നു. യുവചേതന ക്ലബ്ബിന് സമീപത്തെ മറിയാസില്‍ മുഹമ്മദിനാണ് (63) മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു.

ചെങ്ങന്നൂര്‍ നഗരത്തില്‍ കുടനിര്‍മ്മാണം നടത്തിവരുകയായിരുന്നു ബിനൂരി. ശ്വാസതടസം അനുഭവപ്പെട്ട ബിനൂരിയെ ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇന്നലെ മരിച്ച മുഹമ്മദ് കോയക്കും ആനി ആന്റണിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് ക്വാറന്റീനില്‍ കഴിയവേയാണ് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ മരിച്ചത്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. നേരത്തെ കല്ലായിയില്‍ കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ ബന്ധുവാണ് മുഹമ്മദ് കോയ.

ഗര്‍ഭിണിക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഗര്‍ഭിണിയുടെ നാല് ബന്ധുക്കള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. എറണാകുളത്തെ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസിയായിരുന്നു മരിച്ച ആനി ആന്റണി.

Top