കൊച്ചി: ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ ഒക്ടോബര്‍ 28ന് വന്‍തോതില്‍ രാസലഹരി എത്തിയതായി വിവരം. രഹസ്യവിവരത്തെ തുടര്‍ന്നു സംയുക്ത റെയ്ഡിനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും പദ്ധതിയിട്ട ദിവസത്തിന്റെ തലേന്നായിരുന്നു മിസ് കേരള മത്സര വിജയികളായ മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടി. ഈ ദിവസങ്ങളില്‍, ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന സൈജു തങ്കച്ചന്റെ തുടര്‍ച്ചയായ സാന്നിധ്യം ഹോട്ടലില്‍ ഉണ്ടായിരുന്നതായും മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മാസങ്ങള്‍ക്കു മുന്‍പ് നിശാപാര്‍ട്ടിക്കിടയില്‍ ഇതേ ഹോട്ടലില്‍ കസ്റ്റംസും എക്‌സൈസും പരിശോധന നടത്തിയെങ്കിലും വിവരം ചോര്‍ന്നതിനെ തുടര്‍ന്നു ലഹരി ഇടപാടുകാര്‍ രക്ഷപ്പെട്ടതിനാല്‍ ഇക്കുറി പഴുതടച്ച റെയ്ഡിനു വല വിരിച്ചിരുന്നു. കൊച്ചിയില്‍ കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന്റെ കരിമ്പട്ടികയിലുള്ള 5 ഹോട്ടലുകളില്‍ ഒന്നാണു നമ്പര്‍ 18.
അതേസമയം, മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പോയ സൈജു തങ്കച്ചനെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സംഭവ ദിവസം രാത്രി മോഡലുകളെ കാറില്‍ പിന്‍തുടര്‍ന്ന സൈജുവാണ് അപകടത്തില്‍ ഇവര്‍ കൊല്ലപ്പെട്ട വിവരം മിനിറ്റുകള്‍ക്കുള്ളില്‍ ഹോട്ടലുടമയെയും ജീവനക്കാരെയും അറിയിച്ചത്. ഇതേ തുടര്‍ന്നാണു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയ് നിര്‍ദേശം നല്‍കിയത്.
ഭയപ്പെടുത്തുന്ന രീതിയില്‍ സൈജുവിന്റെ കാര്‍ പിന്‍തുടര്‍ന്നതാണു വേഗം വര്‍ധിപ്പിച്ചു കാര്‍ അപകടത്തില്‍പെടാന്‍ ഇടയാക്കിയതെന്നു പരുക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രീകരിച്ചു കേരളത്തിലേക്കു ലഹരിയെത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണു സൈജു തങ്കച്ചനെന്നും ആരോപണമുണ്ട്. ഇതിനു തെളിവായി സൈജുവിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസില്‍ സൈജു തങ്കച്ചന്‍, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട മോഡലുകളുടെ അടുത്ത ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് ഉടന്‍ പരാതി നല്‍കും. ലഭ്യമായ വിവരങ്ങള്‍ മുഴുവന്‍ സംസ്ഥാന പൊലീസിനു കൈമാറിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ കാണാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്.