വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്ന്‍ തോറ്റുപിന്‍മാറില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. എത്രകാലം യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം തുടരുമെന്ന് പറയാനാകില്ലെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ യുഎന്‍ പ്രതിനിധിയുമായി ബ്രസല്‍സില്‍ ചര്‍ച്ച നടത്തിയ ശേഷം റഷ്യ-യുക്രെന്‍ യുദ്ധം സംബന്ധിച്ച് ബിബിസിയോട് പ്രതികരിക്കുകയായിരുന്നു ആന്റണി ബ്ലിങ്കന്‍.
റഷ്യന്‍ ആക്രമണത്തിനെതിരെ അസാധാരണമായ ചെറുത്തുനില്പ്പാണ് യുക്രെയിന്‍ ജനത പ്രകടിപ്പിക്കുന്നതെന്ന് ബ്ലിങ്കന്‍ പറഞ്ഞു. യുക്രെയ്‌നിലെ നിലവിലെ സര്‍ക്കാരിനെ മാറ്റി മോസ്‌കോയുടെ നിയന്ത്രണത്തിലുള്ള പാവ സര്‍ക്കാരിനെ കൊണ്ടുവരികയാണ് റഷ്യയുടെ ലക്ഷ്യം. എന്നാല്‍ യുക്രെയ്ന്‍ ജനത സര്‍വ്വശക്തിയുമെടുത്ത് റഷ്യന്‍ നീക്കത്തെ പുറന്തള്ളും. റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ ആഗ്രഹിച്ച പ്രകാരം യുക്രെയിനിലെ റഷ്യന്‍ അധിനിവേശം മുന്നോട്ടുപോകുന്നില്ലെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു.
യുദ്ധത്തേക്കാള്‍ മോശമായസാഹചര്യം യുക്രെയിനില്‍ സൃഷ്ടിക്കുന്നത് റഷ്യയുടെ സമ്മര്‍ദ്ദ തന്ത്രമാണെന്ന് ബ്ലിങ്കന്‍ വിമര്‍ശിച്ചു. റഷ്യ നീചമായ തന്ത്രങ്ങളാണ് സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ യുക്രെയിനില്‍ പ്രയോഗിക്കുന്നത്. റഷ്യന്‍ അധിനിവേശത്തില്‍ ഭീതിതമായ മനുഷ്യാവകാശ ധ്വംസനമാണ് യുക്രെയിനില്‍ നടക്കുന്നത്. യുക്രെയിന്‍ ജനതക്ക് വെള്ളവും വൈദ്യുതിയും തടസ്സപ്പെടുത്തുന്ന റഷ്യ, കൊടും തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങളും നിഷേധിക്കുന്നതടക്കം ക്രൂരമായ നടപടികളാണ് കൈക്കൊള്ളുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്ലേബുക്കിലെ പദ്ധതികളാണ് ഇതെല്ലാമെന്നും ബ്ലിങ്കന്‍ കുറ്റപ്പെടുത്തി.