തിരുവനന്തപുരം: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ പ്രശ്നത്തില്‍ നേരത്തെ ജെയിംസ് മാത്യു എം.എല്‍.എ. നല്‍കിയ നിവേദം ലഭിച്ചിരുന്നതായി മന്ത്രി കെ.ടി. ജലീല്‍. വിഷയത്തില്‍ ജെയിംസ് മാത്യുവിന്റെ നിവേദനം ലഭിച്ചത് ഓര്‍ക്കുന്നുണ്ടെന്നും അതില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
എന്നാല്‍ സാജന്റെ നിവേദനത്തില്‍ എം.വി. ഗോവിന്ദന്‍ പേഴ്സണല്‍ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും ഉദ്യോഗസ്ഥതലത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കുന്നതായിരുന്നു തന്റെ മുന്നിലെത്തിയ നിവേദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മലയാളം സര്‍വകലാശാല ഏറ്റെടുക്കുന്നതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തില്‍ മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചു. വെട്ടം പഞ്ചായത്തില്‍ ഭൂമി കണ്ടെത്തിയത് യുഡിഎഫ് കാലത്താണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതും യുഡിഎഫ് സര്‍ക്കാര്‍ കാലത്താണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുക്കലില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും ജലീല്‍ വ്യക്തമാക്കി.