വ്യവസായിയുടെ ആത്മഹത്യ: എം.വി.ഗോവിന്ദന് എതിരെ ഗുരുതര ആരോപണവുമായി ജയിംസ് മാത്യു

തിരുവനന്തപുരം:സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി സിപിഎംഎംഎല്‍എ ജയിംസ് മാത്യു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിമര്‍ശനം.

ആന്തൂരിലെ പ്രശ്നം തീര്‍ക്കാന്‍ നിവേദനം നല്‍കി താന്‍ മന്ത്രിയെ കൊണ്ട് നടപടി എടുപ്പിച്ചപ്പോള്‍ ഗോവിന്ദന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിക്കുകയും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്‌തെന്നാണ് ജയിംസ് മാത്യുവിന്റെ ആരോപണം. സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്തി ജയിംസ് മാത്യു എം.വി.ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സംഭവത്തില്‍ നേതാക്കള്‍ തമ്മില്‍ ഈഗോ ക്ലാഷ് ഉണ്ടായെന്നും എംഎല്‍എ സംസ്ഥാന സമിതിയില്‍ പറഞ്ഞു.ആന്തൂര്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ എംഎല്‍എയാണ് ജയിംസ് മാത്യു.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട് സാജന്‍ പാറയില്‍ തന്നെ സമീപിച്ചിരുന്നു. ഇതനുസരിച്ച് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി.ജലീലിന് പ്രശ്ന പരിഹാരത്തിനായിഒരു നിവേദനം നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാനും പരിശോധിക്കാനും മന്ത്രി സൂപ്രണ്ടിങ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി.ഗോവിന്ദന്റെ ഇടപെടലുകളുണ്ടായത്. എം.വി.ഗോവിന്ദന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചാണ് ഇടപെടല്‍ നടത്തിയതെന്നും ജയിംസ് മാത്യു സംസ്ഥാന സമിതിയല്‍ പറഞ്ഞു.

അതേസമയം ജയിംസ് മാത്യുവിന്റെ ആരോപണങ്ങളെക്കുറിച്ച് എം.വി.ഗോവിന്ദന്‍ പ്രതികരിച്ചില്ല. താന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു എന്ന കാര്യം അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

Top