ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലേക്കു പോകുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ്.
എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചുവെന്ന് ആരോപിച്ച് മധുര സൗത്ത് എംഎല്‍എ എസ്.എസ് ശരവണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ശശികലയെ കൂടാതെ അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവുമായ എടപ്പാടി പളനിസാമി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി വൈകി പനീര്‍ശെല്‍വം ക്യാംപിലെത്തിയ ശരവണന്‍, കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് രാത്രി മതില്‍ ചാടിയാണ് താന്‍ രക്ഷപ്പെട്ടതെന്ന് അവകാശപ്പെട്ടിരുന്നു. വേഷം മാറിയാണ് റിസോര്‍ട്ടിന് പുറത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വിശ്വാസ വോട്ടെടുപ്പു നടന്നാല്‍ പനീര്‍ശെല്‍വം അനായാസം ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നിലവില്‍ പനീര്‍ശെല്‍വം ക്യാംപിലുള്ളവരും റിസോര്‍ട്ടില്‍ താമസിക്കുന്നവരും പനീര്‍സെല്‍വത്തിന് വോട്ടുചെയ്യുമെന്നായിരുന്നു ശരവണന്റെ നിലപാട്.
ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയതോടെ ശശികല ബെംഗളൂരൂവിലേക്ക് തിരിച്ചിട്ടുണ്ട്. ജയ സ്മാരകത്തിലെത്തി പ്രാര്‍ഥനകള്‍ നടത്തിയശേഷമാണ് ശശികല റോഡു മാര്‍ഗം ബെംഗളൂരൂവിലേക്ക് തിരിച്ചത്.