കാമുകിയെ കാണാന്‍ സ്വിസ്സിലേക്ക്, എത്തിപ്പെട്ടത് പാകിസ്ഥാനില്‍; ‘ടെക്കി’ക്ക് കിട്ടിയ പണി

ഹൈദരാബാദ്: സോഷ്യല്‍മീഡിയ വഴി ചതിക്കുഴിയില്‍ പെടുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇവിടെ ഇതാ ആന്ധ്ര സ്വദേശിയായ യുവാവിന് കിട്ടിയത് ആരും പ്രതീക്ഷിക്കാത്ത പണിയാണ്.

സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട യുവതിയെ കാണാന്‍ യുവാവ് സ്വിസര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു. എന്നാല്‍ എത്തിപ്പെട്ടത് പാകിസ്ഥാനില്‍. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്ഥാനിലെ ചോലിസ്ഥാനില്‍ പിടിയിലായത്. അനധികൃതമായി അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതര്‍ പ്രശാന്തിനെ പിടികൂടിയത്.

പ്രശാന്തിനൊപ്പം സുഹൃത്തായ മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. രാജസ്ഥാന്‍ വഴി പാകിസ്ഥാനിലേക്ക് കടക്കവെയാണ് ഇവര്‍ പാക് പിടിയില്‍ അകപ്പെടുന്നത്. വിശാഖപട്ടണത്തില്‍ നിന്ന് പുറപ്പെട്ട പ്രശാന്തിനെ രണ്ടുവര്‍ഷം മുമ്പ് കാണാതായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ സ്വിസര്‍ലന്‍ഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, പാക് പൊലീസിന്റെ പിടിയിലായ പ്രശാന്തിന്റെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഒരു മാസത്തിനുള്ളില്‍ താന്‍ ജയിലില്‍ നിന്ന് മോചിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രക്ഷിതാക്കളെ അറിയിക്കുന്നതായിരുന്നു വീഡിയോ. തെലുങ്കിലായിരുന്നു പ്രശാന്ത് രക്ഷിതാക്കള്‍ക്ക് സന്ദേശം കൈമാറിയത്. എന്നാല്‍ ഇവര്‍ എങ്ങനെയാണ് രാജ്യം വിട്ടതെന്ന് ആര്‍ക്കും അറിയില്ല. വീഡിയോ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മമ്മിക്കും ഡാഡിക്കും സുഖമല്ലേ? പൊലീസ് സ്റ്റേഷനില്‍നിന്ന് അവരെന്നെ കോടതിയില്‍ ഹാജരാക്കി. ഇനി ജയിലേക്ക് കൊണ്ടുപോകും. ശേഷം ഇന്ത്യന്‍ എംബസ്സിയെ വിവരമറിയിക്കും. അതിന് ശേഷം എനിക്ക് നിങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കും. ജാമ്യത്തിന് വേണ്ട കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും ജയിലില്‍ കഴിയുന്നവരെ കൈമാറാറുണ്ട്. പക്ഷെ അതിന് കുറച്ച് സമയമെടുക്കും, പ്രശാന്ത് പറഞ്ഞു. പാക് പൊലീസിന്റെ അനുവാദം വാങ്ങിയായിരുന്നു പ്രശാന്ത് തെലുങ്കില്‍ സംസാരിച്ചത്.

Top