പൊലീസ് നരനായാട്ടിനെതിരെ നിര്‍ഭയം കൈചൂണ്ടിയ ആ പെണ്‍കുട്ടി ഇവളാണ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ തെരുവുകള്‍ ഇന്നലെ യുദ്ധക്കളമായപ്പോള്‍ പൊലീസ് ആദ്യം പാഞ്ഞടുത്തത് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നേരെയായിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നരനായാട്ടിനെതിരെ നിര്‍ഭയം കൈചൂണ്ടി പ്രതിരോധിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ജാമിയ വിദ്യാര്‍ഥിനിയും മലയാളിയുമായ ആയിഷത്ത് റെന്നയായിരുന്നു ആ പെണ്‍കുട്ടി. ഒപ്പമുണ്ടായിരുന്ന മലയാളികളായ സുഹൃത്തുക്കള്‍ ഷഹീന്‍ അബ്ദുള്ളയ്ക്കും ലദീദയ്ക്കും പൊലീസ് മര്‍ദ്ദനമേറ്റപ്പോഴായിരുന്നു പൊലീസിനെതിരെ വിരല്‍ ചൂണ്ടി ആയിഷ പ്രതികരിച്ചത്.

ശ്വാസതടസം നേരിട്ട വിദ്യാര്‍ഥിനിയുമായി പുറത്തേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് പൊലീസ് തങ്ങളെ വളഞ്ഞിട്ട് മര്‍ദിച്ചതെന്ന് ആയിഷ പറയുന്നു.

ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു പോകുകയാണെന്ന് പറഞ്ഞിട്ടും തങ്ങളെ പൊലീസ് മര്‍ദിച്ചു. സംഘര്‍ഷ സാഹചര്യം ഇല്ലാതിരുന്നിട്ടും പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു- ആയിഷ പറഞ്ഞു.

‘ആദ്യം അവര്‍ ബാരിക്കേഡ് വച്ച് ഒരു സ്ഥലം ബ്ലോക്ക് ചെയ്തു. പ്രതിഷേധക്കാര്‍ അപ്പോള്‍ വേറൊരു സ്ഥലത്തേക്ക് മാറി. ഞങ്ങള്‍ കുറച്ച് പുറകിലായിരുന്നു. പെട്ടെന്ന് മുന്നിലുള്ള ആള്‍ക്കാര്‍ ഭയങ്കരായിട്ട് അലറിവിളിച്ചുകൊണ്ട് പുറകോട്ട് ഓടിവന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. ഞങ്ങളതിന്റെ ഉള്ളില് പെട്ടുപോയി,’ ആയിഷത്ത് റെന്ന പറഞ്ഞു.

‘അപ്പോള്‍ ഞങ്ങളൊരു മരത്തിന്റെ അടുത്ത് ഒളിച്ചുനിന്നു. അവിടെ രണ്ട് മൂന്നാല് പേര് ഉണ്ടായിരുന്നു. ഇവര്(പൊലീസ്) നിരത്തി അടിച്ചുകൊണ്ടാണ് ഓടിക്കുന്നത്. ഒരു കണ്‍സിഡറേഷനും കൊടുക്കാതെയാണ് അടിച്ചത്. അവര് പിന്നെ ഞങ്ങളെ ടാര്‍ജറ്റ് ചെയ്‌തോണ്ട് ആ ഗേറ്റ് മൊത്തം കവര്‍ ചെയ്തു. ഞങ്ങളോട് പുറത്തേക്ക് ഇറങ്ങാന്‍ പറഞ്ഞു. അത്രയും ക്രൂരമായി പെരുമാറിയത് കൊണ്ടാണ് അവരോട് ഗോ ബാക് വിളിച്ചത്,’ റെന്ന വിശദീകരിച്ചു.

ജാമിയ സര്‍വ്വകലാശാലയില്‍രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാര്‍ഥിനിയാണ് റെന്ന. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കാളോത്ത് സ്വദേശിയാണ്. ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ എന്‍.എം. അബ്ദുറഷീദിന്റെയുംവാഴക്കാട് ചെറുവട്ടൂര്‍ സ്‌കൂള്‍ അധ്യാപിക ഖമറുന്നിസയുടെയും മകളാണ്.

Top