ന്യൂഡല്‍ഹി: രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ അത് ടൂറിസ്റ്റ് മേഖലയെ മോശമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ട ഈ കാലയളവില്‍ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചെന്ന് മന്ത്രി പറഞ്ഞു.
2018നെ അപേക്ഷിച്ച് 2019ല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യയിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. 2018ല്‍ 10,12,569 പേര്‍ എത്തിയ സ്ഥാനത്ത് 10,91,946 ടൂറിസ്റ്റുകളാണ് 2019 ല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത് 7.8ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇ വിസ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനയുണ്ടായി. പോയവര്‍ഷം 2,61,956 വിദേശ ടൂറിസ്റ്റുകള്‍ ഇ വിസ സൗകര്യം ഉപയോഗപ്പെടുത്തിയെങ്കില്‍ ഈ വര്‍ഷം 3,75,484 പേരാണ് ഇ വിസ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.ടൂറിസ്റ്റുകകളില്‍ നിന്നുള്ള വരുമാനത്തിലും 19.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായി-പ്രഹ്‌ളാദ് സിങ് അറിയിച്ചു.