പൗരത്വ ഭേദഗതി ബില്ലിന് എതിരായി രാജ്യം ഒട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുന്നു. എന്നാല്‍ പ്രതിഷേധങ്ങളില്‍ മുന്‍പന്തിയില്‍ വിദ്യാര്‍ത്ഥികളാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെ ഒരു രാഷ്ട്രീയ കക്ഷികളുടെയും മുതിര്‍ന്ന നേതൃത്വം പരസ്യമായി പ്രതിഷേധത്തിന് തെരുവില്‍ ഇറങ്ങുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി, യൂത്ത് വിഭാഗങ്ങള്‍ക്കാണ് പ്രതിഷേധം തകര്‍ക്കാന്‍ നിര്‍ദ്ദേശമുള്ളത്.
ഇടത് പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി യൂണിയനുകള്‍, കോണ്‍ഗ്രസ്, എഎപി എന്നിവരെല്ലാം ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 13 വര്‍ഷം മുന്‍പ് വിദ്യാര്‍ത്ഥി രാഷ്ട്രീയം നിര്‍ത്തലാക്കിയ ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ പോലും പ്രവര്‍ത്തിക്കാത്ത ക്യാംപസാണ് ജാമിയയിലേത്.
ആസാമില്‍ പ്രതിഷേധിക്കാന്‍ രംഗത്തിറങ്ങിയ ഓള്‍ ആസം സ്റ്റുഡന്റ്‌സ് യൂണിയന്റെ ആവശ്യം ഡല്‍ഹി പ്രതിഷേധക്കാരില്‍ നിന്നും വ്യത്യസ്തവുമാണ്. എന്നാല്‍ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുമ്പോഴും മുന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല. കാരണം മറ്റൊന്നുമല്ല മുസ്ലീം പ്രീണനം എന്ന പേര് വീഴുമെന്ന ഭയം തന്നെ. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് നേരിടുന്നില്ലെങ്കിലും രാഷ്ട്രീയക്കാരുടെ അവസ്ഥ അതല്ല. പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയാല്‍ ബിജെപിയുടെ ആരോപണം ശരിയായെന്ന് വരും.
അനധികൃത മുസ്ലീം കുടിയേറ്റക്കാരോട് സഹതാപം കാണിക്കാന്‍ മമതയ്ക്ക് ഒഴികെ ഒരു രാഷ്ട്രീയ കക്ഷിക്കും ധൈര്യം വന്നിട്ടില്ല. വോട്ട് ധ്രുവീകരണം ബംഗാളില്‍ മമതയും, ബിജെപിയും ഒരു പോലെ ലക്ഷ്യംവെയ്ക്കുന്നു. ബിജെപിക്കും, നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ കിട്ടിയ ആയുധം പ്രയോജനപ്പെടുത്താനാണ് പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ വിനിയോഗിക്കുന്നത്. ഇതിന്റെ ഫലം അനുഭവിക്കാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.