കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്നു; ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം

ഹോങ്കോങ്: കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്നതില്‍ പ്രതിഷേധിച്ച് ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു. കുറ്റവാളികളെ മാതൃരാജ്യമായ ചൈനക്ക് കൈമാറുമെന്ന് വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിച്ചിട്ടും ഹോങ്കോങില്‍ പ്രതിഷേധം തുടരുകയാണ്. നിരവധിപേരാണ് ഇന്നലെയും സര്‍ക്കാരിനെതിരായ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.

ഭരണാധികാരിയായ കാരി ലാം രാജിവെക്കുക, ബില്‍ പൂര്‍ണമായി ഉപേക്ഷിക്കുക, പ്രതിഷേധക്കാര്‍ക്ക് നേരെ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ പൊലീസ് നടപടിയില്‍ നിക്ഷ്പക്ഷ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

സമരം നടത്തുന്നവരെ കലാപകാരികള്‍ എന്ന വിളിച്ച വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഹോങ്കോങ് പൊലീസ് മേധാവി സ്റ്റീഫന്‍ ലൂ രംഗത്തെത്തി. ചിലര്‍ സമരം കലാപത്തിലേയ്ക്ക് നയിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് താന്‍ പറഞ്ഞതെന്നും അല്ലാതെ സമരം ചെയ്യുന്ന വരെ മുഴുവന്‍ കലാപകാരികള്‍ എന്ന് താന്‍ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന സമരങ്ങളെ പൊലീസ് സംയമനത്തോടെയാണ് നേരിട്ടത്. കുറ്റവാളികളെ ചൈനക്ക് കൈമാറുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെയാണ് ഹോങ്കോങില്‍ പ്രക്ഷോഭം തുടങ്ങിയത്. എന്നാല്‍ പ്രക്ഷോഭം ശക്തമായതോടെ സര്‍ക്കാര്‍ ബില്‍ മരവിപ്പിച്ചിരുന്നു.

Top