ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ 27 പേർക്ക് കൂടി വധശിക്ഷ

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇരുപത്തിയേഴു പേരെ വധശിക്ഷക്ക് വിധിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. വധശിക്ഷക്കു വിധിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരിൽ രണ്ട് പേരെ വധ ശിക്ഷയ്ക്ക് വിധേയമാക്കി.തീര്‍ത്തും അനുചിതവും അന്യായവുമായ വിചാരണയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികള്‍ നേരിടുന്നത്. ഇത്തരത്തിലുള്ള വിചാരണക്കൊടുവിലാണ് വധശിക്ഷക്കു വിധിക്കുന്നതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

ഇറാനിയന്‍ ചീഫ് ജസ്റ്റിസ് ഗോലെംഹൊസ്സിന്‍ മൊഹ്സേനി ഈജിക്ക് എഴുതിയ കത്തിലാണ് ആംനസ്റ്റി വധശിക്ഷക്കു വിധിച്ചവരെ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ‘പ്രക്ഷോഭകാരികളില്‍ ചിലര്‍ വധശിക്ഷക്കു വിധേയരായി, ചിലര്‍ വധശിക്ഷകാത്തിരിക്കുന്നു. നിരവധിപേര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. പ്രക്ഷോഭകാരികള്‍ക്കെതിരായ ഇറാന്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ നടപടികള്‍ സംബന്ധിച്ച് ആംനസ്റ്റി ചൂണ്ടിക്കാട്ടി’. അതേസമയം ഇറാനിലെ തന്നെ ഒരു മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാണിക്കുന്നത് മുപ്പത്തൊന്‍പതോളം പ്രക്ഷോഭകാരികളെ വധശിക്ഷക്കു വിധിച്ചതായിട്ടാണ്.

Top