ഹിജാബ് വിരുദ്ധ പ്രക്ഷോഭ ഗാനം; ഇറാനിയന്‍ ഗായകന്‍ ഷെര്‍വിന്‍ ഹജിപൗറിന് തടവുശിക്ഷ

ദുബായ്: ഗ്രാമി പുരസ്‌കാരജേതാവായ ഇറാനിയന്‍ ഗായകന്‍ ഷെര്‍വിന്‍ ഹജിപൗറിന് തടവുശിക്ഷ. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖമായിമാറിയ ഗാനം ചിട്ടപ്പെടുത്തിയതിനാണ് തടവുശിക്ഷ. ശിക്ഷാവിവരം ഷെര്‍വിന്‍തന്നെയാണ് വെള്ളിയാഴ്ച സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. ഇറാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് ഇദ്ദേഹത്തിനെതിരേയുള്ള വിധിയും വന്നത്. 2022-ല്‍ ഷെര്‍വിന്‍ രചിച്ച ‘ബരായെ’ എന്ന ഗാനം ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ജനങ്ങളോട് പ്രതിഷേധത്തിന് ആഹ്വാനംചെയ്തു, ഭരണകൂടവിരുദ്ധ പ്രചാരണം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ കോടതി ചുമത്തി. മൂന്നുവര്‍ഷവും എട്ടുമാസവുമാണ് ശിക്ഷാകാലയളവ്. രണ്ടുവര്‍ഷത്തെ യാത്രാവിലക്കുമുണ്ട്. ഗാനം പുറത്തിറക്കിയതില്‍ ഷെര്‍വിന്‍ ഇന്നേവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒപ്പം യു.എസിന്റെ കുറ്റകൃത്യങ്ങള്‍ വിവരിക്കുന്ന ഗാനം ചിട്ടപ്പെടുത്തണമെന്നും ഈ കുറ്റങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടു. 2022-ല്‍ യു.എസ്. പ്രഥമവനിത ജില്‍ ബൈഡനില്‍നിന്നാണ് ‘ബരായെ’ ഗാനത്തിനുള്ള ഗ്രാമി പുരസ്‌കാരം ഷെര്‍വിന്‍ ഏറ്റുവാങ്ങിയത്.

2022 സെപ്റ്റംബര്‍ 16-ന് ശിരോവസ്ത്രം നേരാംവണ്ണം ധരിച്ചില്ലെന്നാരോപിച്ച് മതകാര്യപോലീസ് അറസ്റ്റുചെയ്ത മഹ്സ അമീനി(22) തടവറയില്‍ കൊല്ലപ്പെട്ടതോടെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്. അതില്‍ ഷെര്‍വിനും സജീവമായി പങ്കെടുത്തിരുന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ 500-ലേറെപ്പേര്‍ കൊല്ലപ്പെട്ടു.

Top