ഗതാഗത മേഖലയില്‍ കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതും അവ ഫലപ്രദമായി നടപ്പാക്കുന്നതുമൊന്നും ഇന്ത്യയുടെ പതിവു രീതിയല്ല. എന്നാല്‍ തായ്‌ലന്‍ഡും ഇന്തൊനീഷയും പോലെ ഇരുചക്രവാഹന പെരുപ്പം നേരിടുന്ന രാജ്യങ്ങളാവട്ടെ നേരത്തെ തന്നെ ആന്റിലോക്ക് ബേക്കിങ് സംവിധാനം(എ ബി എസ്) പോലുള്ള സുരക്ഷാക്രമീകരങ്ങള്‍ മുമ്പേ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ഇരുചക്രവാഹനങ്ങളുടെ എന്‍ജിന്‍ ശേഷി നിശ്ചിത പരിധിക്കു മുകളിലാണെങ്കിലാണ് ഈ രാജ്യങ്ങളില്‍ എ ബി എസ് നിര്‍ബന്ധം. വൈകിയാണെങ്കിലും ഇന്ത്യയിലും ഈ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണ്.
ഇന്ത്യന്‍ നിരത്തുകള്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഇപ്പോള്‍ എ ബി എസ് കര്‍ശനമാക്കുന്നത്.
ഘട്ടം ഘട്ടമായി ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മോട്ടോര്‍ സൈക്കിളുകളിലും സ്‌കൂട്ടറുകളിലും എ ബി എസ് നിര്‍ബന്ധമാക്കാനാണു പദ്ധതി.
തുടക്കമെന്ന നിലയില്‍ 125 സി സിയിലേറെ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിലാണ് എ ബി എസ് നടപ്പാക്കുന്നത്. 2018 ഏപ്രില്‍ മുതല്‍ ഇത്തരം മോട്ടോര്‍ സൈക്കിളുകള്‍ക്കെല്ലാം എ ബി എസ് നിര്‍ബന്ധമാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം.
ഇന്ത്യന്‍ നിരത്തുകളില്‍ അപകടമരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കര്‍ശന നടപടികള്‍ അനിവാര്യമാണെന്ന തിരിച്ചറിവിലാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.
അപകട മരങ്ങളില്‍ 26% ആണ് ഇരുചക്രവാഹന വിഭാഗത്തിന്റെ വിഹിതം. 2012ല്‍ മാത്രം മുപ്പത്തി ആറായിരത്തോളം പേരാണ് ഇരുചക്രവാഹന അപകടങ്ങളില്‍ കൊല്ലപ്പെട്ടതെന്നാണു കണക്ക്.
എ ബി എസ് പോലുള്ള സംവിധാനങ്ങള്‍ കര്‍ശനമാക്കുക വഴി ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ മൂന്നിലൊന്നോളം തടയാനാവുമെന്നു ജര്‍മന്‍ നിര്‍മാതാക്കളായ ബോഷ് കരുതുന്നു.
കൂടാതെ ബ്രേക്കിങ് കൂടുതല്‍ കാര്യക്ഷമമാവുന്നതോടെ അപകടവേളയില്‍ ഇരുചക്രവാഹനങ്ങളുടെ വേഗം കുറയുന്നതും ആഘാതം കുറയ്ക്കുമെന്നു ബോഷ് വിശദീകരിക്കുന്നു.