മുംബൈ: നഗരത്തില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെയുള്ള ഉറാനില്‍ തോക്കുധാരികളെ കണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈയില്‍ ദേശീയ സുരക്ഷ ഗാര്‍ഡിനെ (എന്‍.എസ്.ജി) വിന്യസിച്ചു.
മുംബൈയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് എന്‍.എസ്.ജിയെ വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്ട്രാ പോലീസും ഭികര വിരുദ്ധ സേനയും നാവികസേനയ്ക്കുമൊപ്പം ചേര്‍ന്ന് ശക്തമായ തിരച്ചില്‍ ഓപ്പറേഷന് നേതൃത്വം നല്‍കാനാണ് എന്‍.എസ്.ജിയെ വിന്യസിച്ചിരിക്കുന്നത്.
വ്യാഴായ്ച രാവിലെയാണ് സായുധരെ കണ്ടതായി രണ്ട് വിദ്യാര്‍ഥികള്‍ അധ്യാപകരെ അറിയച്ചത്. മുഖം മറച്ച് കറുത്ത വേഷധാരികളായ അഞ്ചുപേരെ കണ്ടെന്നായിരുന്നു വിദ്യാര്‍ഥികള്‍ നല്‍കിയ വിവരം.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
വ്യാഴായ്ച രാത്രി വൈകിയും നാവികസേനയും കരസേനയും മുംബൈപോലീസും തീരരക്ഷാസേനയും മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉറാന്‍ എജ്യുക്കേഷന്‍ സൊസൈറ്റി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നാവികസേനാത്താവളമായ ‘ഐ.എന്‍.എസ്. അഭിമന്യു’വിന് സമീപം സായുധരെ കണ്ടതായി വിവരം നല്‍കിയത്.
പൊതുവെ പാകിസ്താനില്‍ ഉപയോഗിച്ചു വരുന്ന വസ്ത്രമായ നീളത്തിലുള്ള പത്താന്‍ കോട്ടുധരിച്ച തോക്കുകളേന്തിയ സംഘത്തെയാണ് തങ്ങള്‍ കണ്ടതെന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ അറിയിച്ചു. അവര്‍ ഉടന്‍തന്നെ വിവരം പോലീസിന് കൈമാറി. താന്‍ ഒരാളെയാണ് കണ്ടതെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. എന്നാല്‍, മറ്റൊരാള്‍ പറഞ്ഞത് നാലുപേരെ കണ്ടുവെന്നാണ്.
ഇവര്‍ പരിചിതമല്ലാത്ത ഭാഷ സംസാരിച്ചുവെന്നും മുഖം തുണികൊണ്ട് മറച്ചതായും കുട്ടികള്‍ പറഞ്ഞു. സംഭവമറിഞ്ഞതുമുതല്‍ നാവികസേനയും മുംബൈപോലീസും തിരച്ചില്‍ നടത്തി വരികയാണെന്ന് നാവികസേനാവക്താവ് ക്യാപ്റ്റന്‍ ഡി.കെ. ശര്‍മ്മ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖവും ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററും ഉറാന്റെ സമീപ പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഈ മേഖലയില്‍ ശക്തമായ സുരക്ഷയൊരുക്കിയതായും എല്ലാ മേഖലകളും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ വടക്കന്‍ കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ നാലു ഭീകരരെയും സൈന്യം വിധിച്ചിരുന്നു.
തുടര്‍ന്ന് വീണ്ടും ഈ മേഖലയിലുണ്ടായ ആക്രമണത്തില്‍ 10 ഭീകരരെ സൈന്യം വധിക്കുകയും ഒരു ജവാന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.