പാരിസ്: ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ വാക്സീന്‍ വിരുദ്ധരുടെ പ്രക്ഷോഭം. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്സീനെടുക്കുകയോ കൊവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് കാണിക്കുകയോ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് നിരവധി പേര്‍ രംഗത്തെത്തിയത്. വാക്സീന്‍ വിരുദ്ധര്‍ക്കുനേരം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ബുധനാഴ്ച രാവിലെ പാരിസിലാണ് പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നു.
പാരിസില്‍ വാര്‍ഷിക മിലിട്ടറി പരേഡില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രക്ഷോഭം. പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു.
പ്രക്ഷോഭകരില്‍ വലിയൊരു വിഭാഗം മാസ്‌ക് പോലും ധരിക്കാതെയാണ് സമരത്തിനിറങ്ങിയത്. മൗലികാവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മാറുന്നുവെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. പാരിസില്‍ നടന്ന സമരത്തില്‍ 2250 പേര്‍ പങ്കെടുത്തെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ടൗലോസ്, ബോര്‍ഡെക്സ്, മോണ്ട്പെല്ലിയര്‍, നാന്റ്സ് എന്നിവിടങ്ങളിലും സമരം നടന്നു. ഏകദേശം 19000ത്തിലേറെ പേര്‍ വിവിധ ഭാഗങ്ങളിലായി നടന്ന സമരത്തില്‍ പങ്കെടുത്തു.
ഹെല്‍ത്ത് പാസിലൂടെ ജനങ്ങളെ വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, വാക്സിന്‍ അടിച്ചേല്‍പ്പിക്കുന്നില്ലെന്നും വാക്സിനേഷനെ പരമാവധി പ്രോത്സാഹിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വക്താവ് ഗബ്രിയേല്‍ അട്ടല്‍ അറിയിച്ചു. ഫ്രാന്‍സില്‍ ഇതുവരെ ജനസംഖ്യയുടെ പകുതി പേര്‍ വാക്സിനെടുത്തെന്നും സര്‍ക്കാര്‍ അറിയിച്ചു.
തുടക്കം മുതലേ ഫ്രാന്‍സില്‍ വാക്സിനേഷനെതിരെ സംശയമുയര്‍ന്നിരുന്നു. 2020 ഡിസംബറില്‍ ഒക്സോഡ പോളിങ് ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ 42 ശതമാനം മാത്രം ആളുകളാണ് വാക്സിനേഷന്‍ വേണമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് അത് 70 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴും 14 ശതമാനം പേര്‍ വാക്സിനേഷന് എതിരാണ്.